രാജ്യതലസ്ഥാനത്തെ നിരത്തുകളിൽ കാലാവധികഴിഞ്ഞ വാഹനങ്ങൾ പിടികൂടി പൊളിക്കുന്നു. നിരത്തുകളിൽ ഓടുന്നതോ വഴിയരികിൽ പാർക്ക് ചെയ്തതോ ആയ വാഹനങ്ങളാണ് ഗതാഗതവകുപ്പ് പിടികൂടി പൊളിക്കുന്നത്. ശൈത്യകാലത്ത് വായുമലിനീകരണം ഗുരുതരമാകുന്നത് കണക്കിലെടുത്ത് കർശനമായാണ് ദൗത്യം നടപ്പാക്കുന്നത്.
ദിവസേന അറുപതോളം പഴകിയ വാഹനങ്ങൾവീതം പിടികൂടി പൊളിക്കുന്നുണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ കണക്കുകൾ. 15 വർഷം പിന്നിട്ട പെട്രോൾവാഹനങ്ങളും പത്തുവർഷംപിന്നിട്ട ഡീസൽ വാഹനങ്ങളും തലസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. കാലാവധി പിന്നിട്ട 40 ലക്ഷം വാഹനങ്ങൾ നഗരത്തിലുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 35 ലക്ഷവും പെട്രോൾ വാഹനങ്ങളാണ്. ആദ്യഘട്ടത്തിൽ ഡീസൽ വാഹനങ്ങൾക്കെതിരേയാണ് വകുപ്പ് നടപടിയെടുക്കുന്നത്.