കുഞ്ഞാലിമരക്കാരുടെ ചരിത്രം കുട്ടികളിലേക്ക് പ്രചരിപ്പിക്കേണ്ടതാണെന്ന് പ്രശസ്ത പുരാവസ്തു ശാസ്ത്രജ്ഞന്‍ പദ്മശ്രീ ഡോ.കെ.കെ മുഹമ്മദ് പറഞ്ഞു. എന്‍.കെ രമേശ് രചിച്ച കുഞ്ഞാലിമരക്കാര്‍ ബാലസാഹിത്യ ചരിത്രകൃതിയുടെ രണ്ടാം പതിപ്പിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . എല്ലാവരും രമേശ് രചിച്ച കുഞ്ഞാലിമരക്കാര്‍ ബാലസാഹിത്യ ചരിത്രകൃതി പ്രചരിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലമനസ്സുകളില്‍ ദേശീയബോധവും അതുപോലെ വെല്ലുവിളികളെ നേരിടുവാനുള്ള ചങ്കൂറ്റവും ഉണ്ടാക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന പുസ്തകമാണിത് . തികച്ചും വിപരീതമായ ജീവിതസാഹചര്യങ്ങളോട് പടപൊരുതി ചരിത്ര -പുരാവസ്തു ശാസ്ത്രമേഖലയില്‍ അനര്‍ഘമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയായ രമേശ് വളരെ ലളിതമായാണ് പുസ്തകം രചിച്ചിരിക്കുന്നതെന്ന് കവി വീരാന്‍ കുട്ടി പറഞ്ഞു. എഴുത്തുകാരന്‍ സജയ് കെ.വി പുസ്തകം ഏറ്റുവാങ്ങി . പുസ്തകത്തിന് മുഖക്കുറിപ്പെഴുതിയിരിക്കുന്നത് പ്രശസ്തചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണനാണ്.
ക്രിസ്തു 16-ാം നൂറ്റാണ്ടില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന കടല്‍ പോരാട്ടങ്ങളുടെ ചരിത്രം ചിത്രീകരണത്തോടുകൂടിയാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞാലിമരക്കാരുടെ ജീവിതത്തിലെ നിര്‍ണ്ണായക ചരിത്രസംഭവങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് പ്രശസ്ത ആര്‍ട്ടിസ്റ്റ് സജീവന്‍ ചിത്രലേഖയാണ്. ആര്‍.കെ പബ്ലിഷിംഗ് വെന്‍ച്വറാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1990 കളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സൂപ്രണ്ടിങ്ങ് ആര്‍ക്കിയോളജിസ്റ്റായി ഡോ.കെ.കെ മുഹമ്മദ് ജോലിചെയ്തിരുന്ന അവസരത്തിലാണ് കുഞ്ഞാലി മരക്കാര്‍ നാലാമനെ തൂക്കിലേറ്റിയ ആര്‍ച്ച് ഓഫ് കണ്‍സെപ്ഷന്‍ എന്ന കമാനം കണ്‍സര്‍വേഷന്‍ ചെയ്ത് സംരക്ഷിച്ചത്. കുഞ്ഞാലിമരക്കാരെ തടവില്‍ പാര്‍പ്പിച്ച ട്രോണ്‍കോ ജയിലിന്‍റെ അടിത്തറ മാത്രമാണ് ഇന്ന് ഗോവയില്‍ അവശേഷിക്കുന്നതെന്ന് ഡോ.കെ.കെ മുഹമ്മദ് പറഞ്ഞു.
2000 ഡിസംബറില്‍ കോഴിക്കോട് വെച്ചുനടന്ന ഒരു സെമിനാറില്‍ അന്നത്തെ എയര്‍മാര്‍ഷല്‍ മിസ്റ്റര്‍ ഖന്ന കുഞ്ഞാലിമരക്കാരുടെ ചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ ദേശീയ ബോധമുള്ളവരാക്കിത്തീര്‍ക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷെ നമ്മുടെ പാഠപുസ്തകങ്ങളില്‍ ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കിവരുന്നതായി കാണുന്നില്ല. ആ ഒരു അപചയമാണ് ഈ പുസ്തകത്തിലൂടെ രമേശ് പരിഹരിച്ചിരിക്കുന്നത്. കോഴിക്കോട് സാമൂതിരിപ്പാടിനുവേണ്ടി നാല് കുഞ്ഞാലിമരക്കാന്‍മാരെയാണ് വളര്‍ത്തിയെടുത്തത്. 1571 ല്‍ കുഞ്ഞാലി മൂന്നാമന്‍ പട്ടുമരക്കാര്‍ ഇരിങ്ങല്‍ കോട്ടക്കലില്‍ കോട്ടകെട്ടിയതോടെ കുഞ്ഞാലിമരക്കാരുടെ ശക്തി പൂര്‍വ്വാധികം വര്‍ദ്ധിച്ചു. കുഞ്ഞാലിമരക്കാര്‍ മൂന്നാമന്‍റെ മരുമകന്‍ മുഹമ്മദ് മരക്കാര്‍ കുഞ്ഞാലിമരക്കാര്‍ നാലാമനായി നാവിക നേതൃത്വം ഏറ്റെടുത്തതോടെ അദ്ദേഹം കോട്ടക്കല്‍ മരക്കാര്‍ കോട്ടയെ പോര്‍ച്ചുഗീസ് കോട്ടയ്ക്ക് സമാനമായി ബലപ്പെടുത്തി . പോര്‍ച്ചുഗീസുകാരുമായി യാതൊരു സന്ധിക്കും തയ്യാറാകാതെ നിരന്തരം ഏറ്റുമുട്ടലുകള്‍ നടത്തിക്കൊണ്ടേയിരുന്നു. കുഞ്ഞാലിമരക്കാര്‍ നാലാമന്‍റെ പതനം കൊണ്ടുമാത്രമേ അറബിക്കടലിന്‍റെ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പോര്‍ച്ചുഗീസുകാര്‍ വിലയിരുത്തി. പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയെ വശത്താക്കി കുഞ്ഞാലിമരക്കാര്‍ക്കെതിരെ പടനീക്കം ആരംഭിച്ചു. ഒടുക്കം സാമൂതിരി കുഞ്ഞാലി മരക്കാരെ പോര്‍ച്ചുഗീസുകാരുടെ കൈകളില്‍ ഏല്‍പ്പിച്ചു കൊടുത്തു. ആ വന്‍ ചതിക്കുശേഷം പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിമരക്കാര്‍ നാലാമനെ ഗോവയിലെത്തിച്ച് ട്രോണ്‍കോ ജയിലില്‍ പാര്‍പ്പിച്ചു. കുഞ്ഞാലി മരക്കാരെ ഗോവയിലെ ജനമധ്യത്തിലെത്തിച്ച് പോര്‍ച്ചുഗീസുകാര്‍ തൂക്കിലേറ്റി . അദ്ദേഹത്തിന്‍റെ തലവെട്ടി ഉപ്പിലിട്ട് കണ്ണൂരിലെത്തിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഈ ചരിത്രം വളരെ ലളിതമായി ചരിത്രരേഖകളുടെ പിന്‍ബലത്തിലത്തോടുകൂടിയാണ് രമേശ് എഴുതിയിരിക്കുന്നത്.
കുഞ്ഞാലിമരക്കാര്‍ ബാലസാഹിത്യ ചരിത്ര കൃതിയുടെ ഒന്നാം പതിപ്പ് കോവിഡ് ഒന്നാം വ്യാപനത്തിന്‍റെ കാലത്താണ് പുറത്തിറങ്ങിയത് . കോവിഡ് വ്യാപന സമയത്തുപോലും ഈ പുസ്തകത്തിന് നല്ല പ്രചാരം ലഭിച്ചു. പുസ്തകപ്രകാശന ചടങ്ങിന് എഴുത്തുകാരന്‍ മുഹസിന്‍ കാതിയോട് അദ്ധ്യക്ഷത വഹിച്ചു. സജീഷ് മുണ്ടക്കല്‍ സ്വാഗതവും എം.പി ജയപ്രകാശ് നന്ദിയും പറഞ്ഞു.