റിയാദ്: സമസ്ത ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന് സഊദിയില്‍ തുടക്കമായി. ‘നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി’ എന്ന പ്രമേയത്തില്‍ എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി സെപ്റ്റംബര്‍ 28 മുതല്‍ നവംബര്‍ 28 വരെ സഊദിയിലെങ്ങും നടത്തുന്ന ദ്വൈമാസ കാംപയിനാണ് റിയാദില്‍ നടന്ന ഉദ്ഘാടന സംഗമത്തോടെ തുടക്കം കുറിച്ചത്.
റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സംഗമം എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹിമാന് മൗലവി അറക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രവാചക ചര്യയും ജീവിതവീക്ഷണവും പരമാവധി പ്രചരിപ്പിച്ച് ജനങ്ങളില്‍ സമാധാനത്തോടെ ജീവിക്കാനുള്ള മാര്‍ഗവും പ്രതീക്ഷയും നല്‍കുക
എന്നതാണ് സമകാലിക അന്തരീക്ഷത്തില്‍ ‘നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി’ എന്ന പ്രത്യേക കാംപയിൻ കൊണ്ട് സഊദി എസ്.ഐ.സി ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് കോയ വാഫി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. വര്‍ക്കിംഗ് സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി കാംപയിൻ വിശദീകരണം നടത്തി. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. റിയാദ് എസ്.ഐ.സി ചെയര്മാന് മുഹമ്മദ് കോയ തങ്ങള്‍ ആശംസകളറിയിച്ച് സംസാരിച്ചു. എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സൈദലവി ഫൈസി സ്വാഗതവും റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്മാന് അബൂബക്കര്‍ ഫൈസി വെള്ളില നന്ദിയും പറഞ്ഞു. ശാഫി ദാരിമി പുല്ലാര, ശുഐബ് വേങ്ങര തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.
ഫോട്ടോ: ദ്വൈമാസ കാംപയിൻ ഉദ്ഘാടന സംഗമം സഊദി നാഷണല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹിമാന് മൗലവി അറക്കല്‍ ഉദ്ഘാടനം ചെയ്തു