തുടർച്ചയായി എട്ടാം ദിവസവും ഇന്ധനവില വർധിച്ചു; ജനം വലയുന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു. തുടർച്ചയായി എട്ടാം ദിവസവും പെട്രോളിനും ഡീസലിനും വില വർധിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 89 രൂപ 15 പൈസയിലെത്തി. തിരുവനന്തപുരത്ത് 90 രൂപ 94 പൈസയാണ്. ഡീസലിന് ലിറ്ററിന് കൊച്ചിയില്‍ 83 രൂപ 74 പൈസയും തിരുവനന്തപുരത്ത് 85 രൂപ 14 പൈസയുമാണ്.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.
ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.
ഇന്ധനവില വർധനവിനൊപ്പം പാചകവാതക സിലിണ്ടറിന് വില കൂട്ടിയതും ജനങ്ങളെ വലയ്‌ക്കുന്നു. ഗാർഹിക ഉപഭോക്‌താക്കൾക്കുള്ള എൽപിജി സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിന് വില വർധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡൽഹിയിൽ 769 രൂപയാകുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഡിസംബറിനു ശേഷം ഇത് മൂന്നാം തവണയാണ് എൽപിജി സിലിണ്ടറിന് വില കൂട്ടുന്നത്.

spot_img

Related Articles

Latest news