മോഹനൻ എന്ന പ്രവാസി രാവിലെ ഉറക്കമുണർന്നത് ഓർമ്മകൾ നഷ്ടപ്പെട്ട പുതിയൊരു ലോകത്തേക്കാണ്, റൂമിൽ താമസിക്കുന്നവരുടെയോ വീട്ടുകാരുടെയോ പേരുകൾ ഓർത്തെടുക്കാൻ കഴിയുന്നില്ല, നിത്യം ഉപയോഗിക്കുന്ന സാധനങ്ങളുടെ പേരുപോലും അറിയില്ല, മനസ്സ് പൂർണ്ണമായും ശൂന്യമായതുപോലെ. നവോദയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജി സുമേസി കിംഗ് സഊദ് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ തലച്ചോറിന്റെ ഒരുഭാഗത്ത് സ്ട്രോക്ക് വന്ന് ഞരമ്പുകൾ ബ്ലോക്കായതാണ് കാരണമെന്ന് കണ്ടെത്തി. നീണ്ടകാലത്തെ ചികിത്സ വേണ്ടിവരുമെന്നറിയിച്ചതോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. സ്പോൺസർ ഇക്കാമ പുതുക്കിയ നൽകാത്തതിനാൽ, നാട്ടിലേക്കുള്ള മടക്കം നിയമകുരുക്കിലായി. എംബസ്സി സഹായത്താൽ ഡീപോർട്ടഷൻ സെന്ററിനെയും അമീർ കോർട്ടിനെയും പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല, തുടർന്ന് സ്പോൺസറെ കണ്ടെത്തി ഇക്കാമയുടെ നീണ്ടകാലത്തെ പിഴയടച്ച് പുതിക്കിയതോടെയാണ് മടക്കയാത്രക്കുള്ള വഴി തുറന്നത്. പ്രവർത്തനങ്ങൾക്ക് ബാബുജി നേതൃത്വം നൽകി. മോഹനന്റേയും അനുയാത്രികനായ ബിനു വാസവന്റേയും ഫ്ളൈറ്റ് ടിക്കറ്റ് ചിലവുകൾ വഹിച്ചത് ഇന്ത്യൻ എംബസ്സിയാണ്. നവോദയ ജീവകാരുണ്യ കമ്മിറ്റി തുടർ ചികിത്സക്കായി 50000 (അമ്പതിനായിരം) ഇന്ത്യൻ രൂപ നൽകി.
തിരുവനന്തപുരം, നെയ്യാറ്റിൻകര പൊട്ടക്കുളം സ്വദേശിയായ മോഹനൻ 30 വർഷത്തിലധികമായി സൗദിയിലുണ്ട്. പലവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടു മക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. ശകുന്തളയാണ് ഭാര്യ.
സംഘടനയുടെ ഉപഹാരവും സാമ്പത്തിക സഹായവും പ്രസിഡന്റ് വിക്രമലാലും ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജിയും ചേർന്ന് അദ്ദേഹത്തിന്റെ റൂമിൽ വെച്ച് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.