ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ ബിരുദപ്രവേശനത്തിന് അപേക്ഷിക്കാനാകാത്തവർക്ക് നവംബറിൽ വീണ്ടും അവസരം നൽകിയേക്കും. നവംബർ അഞ്ചുമുതൽ ഏഴുവരെയാകും സമയം അനുവദിക്കുക. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം എന്ന യു.ജി. പ്രവേശന പോർട്ടിലിലൂടെ അപേക്ഷ സമർപ്പിക്കാം.
ബുധനാഴ്ച അവസാനിച്ച ആദ്യഘട്ട രജിസ്ട്രേഷന്റെ ആദ്യ മെറിറ്റ് പട്ടിക 18-ന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചിട്ടുണ്ട്. പട്ടികസംബന്ധിച്ച പ്രതികരണങ്ങൾ 21-ന് മുമ്പ് പോർട്ടലിലൂടെ അറിയിക്കാം. ഓൺലൈനായി ഫീസ് അടയ്ക്കേണ്ട അവസാനതീയതി 24 ആണ്. രണ്ടാംഘട്ട ലിസ്റ്റ് 25-ന് പ്രസിദ്ധീകരിക്കും. ഫീസടയ്ക്കേണ്ട അവസാനതീയതി 30.
70,000 സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. രണ്ടേകാൽലക്ഷം അപേക്ഷകളാണ് ലഭിച്ചത്.
67 കോളേജുകളിലെ 79 ബിരുദ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. പ്രോഗ്രാമുകളിൽ ബി.എ. കോഴ്സുകളുടെ 206 കോമ്പിനേഷനുകൾ ഉൾപ്പെടുന്നു.