ന്യൂഡല്‍ഹി: സമൂഹമാധ്യമമായ വാട്സ്ആപ്പിന്റെ സ്വകാര്യത നയത്തില്‍ വിവേചനമുണ്ടെന്ന് ആരോപിക്കുന്ന ഹരജിയില്‍ വാട്സ്ആപ്പിനും കേന്ദ്ര സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ്. ഫേസ്ബുക് ഉടമസ്ഥതയിലുള്ള കമ്പനി യൂറോപ്പില്‍ കൂടുതല്‍ ശക്തമായ സ്വകാര്യത നയം സ്വീകരിക്കുമ്പോള്‍ ഇന്ത്യയില്‍ ആ കാര്‍ക്കശ്യമില്ലെന്നാണ് ഹരജിയിയിലെ ആരോപണം.
സ്വകാര്യത ഹനിക്കപ്പെടുന്നതില്‍ വാട്സ്ആപ് ഉപയോക്താക്കള്‍ അത്യന്തം ആശങ്കാകുലരാണെന്ന് നിരീക്ഷിച്ച കോടതി, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ നിയമസംവിധാനത്തിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
നിങ്ങള്‍ രണ്ടോ മൂന്നോ ലക്ഷം കോടി ഉപഭോക്താക്കളുള്ള കമ്പനിയായിരിക്കാം. അതേസമയം, ജനങ്ങള്‍ അവരുടെ സ്വകാര്യതക്ക് പണത്തേക്കാളേറെ മൂല്യം കല്പിക്കുന്നുണ്ട്. യൂറോപ്പില്‍ ഇന്ത്യയേക്കാള്‍ ശക്തമായ സ്വകാര്യത നയമുണ്ടെന്ന് വാദിച്ചാലും വിവേചനം സാധൂകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യം എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. 2017ല്‍ കര്‍മണ്യ സിങ് സരീന്, ശ്രേയ സേഥി എന്നിവര്‍ നല്കിയ ഹരജി വൈകി പരിഗണിച്ച വേളയിലാണ് കോടതി ഇടപെടല്‍.
വാട്സ്ആപ്പിലൂടെ ലഭിക്കുന്ന വ്യക്തിവിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന കമ്പനിയുടെ രീതി അവസാനിപ്പിക്കണമെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ശ്യാം ദിവാന് വാദിച്ചു. യൂറോപ്പില്‍ പ്രത്യേക നിയമമുണ്ടെന്നും അത് ഇവിടെ നടപ്പാക്കിയാല്‍ കമ്പനി അതേ രീതി പിന്തുടരുമെന്നും വാട്സ്ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ മറുപടിയായി പറഞ്ഞു.
ശ്യം ദിവാന്റെ വാദം പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വ്യക്തിഗത വിവരം സംരക്ഷിക്കാന്‍ കൂടുതല്‍ ശക്തമായ നിയമം വേണമെന്നാണ് അതില്‍നിന്ന് വ്യക്തമാകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമ കമ്പനികള്‍ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.