നവോദയ മുൻ ജോയിന്റ് സെക്രട്ടറിയും റിയാദിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനുമായിരുന്ന അഹമ്മദ് മേലാറ്റൂരിന്റെ അഞ്ചാമത് ചരമവാർഷിക ദിനത്തിൽ നവോദയ അനുസ്മരണയോഗം നടത്തി. നല്ല വായനക്കാരനായും മികച്ച സംഘടകനായും അഹമ്മദ് റിയാദിൽ നടത്തിയ പ്രവർത്തനങ്ങൾ അങ്ങേയറ്റം മാതൃകാപരമായിരുന്നെന്ന് പ്രാസംഗികർ അനുസ്മരിച്ചു. വീട്ടിൽ സ്വന്തമായി വലിയൊരു പുസ്തകശേഖരം ഉണ്ടായിരുന്ന അദ്ദേഹം പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് എന്നും മുൻകൈയെടുത്തിരുന്നു. കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകൾ എല്ലാ ചർച്ചകളിലും സംവാദങ്ങളിലും അദ്ദേഹം ഉയർത്തിപിടിച്ചിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി അഹമ്മദിന് റിയാദിൽ വലിയൊരു സുഹൃത്ത് വലയമുണ്ടായിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കവിതകൾ രചിക്കുകയും അതൊക്കെ സോഷ്യൽ സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു. റിഫ എന്ന മറ്റൊരു സംഘടനയിലും പ്രവർത്തിച്ചിരുന്ന അഹമ്മദ്, സൗദിയിലെ പ്രധാനനഗരങ്ങൾ കേന്ദ്രീകരിച്ച് വായനാമത്സരം സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകിയിരുന്നു. 2017- ൽ ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ വെച്ചാണ് അഹമ്മദ് മരണപ്പെടുത്ത കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ നിഷാ മേലാറ്റൂരാണ് ഭാര്യ. മെൽഹിൻ, മെഹർ എന്നിവർ മക്കളാണ്.
അനുസ്മരണ യോഗത്തിൽ ബാബുജി അധ്യക്ഷത വഹിച്ചു, നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, പൂക്കോയ തങ്ങൾ, കുമ്മിൾ സുധീർ, ശ്രീരാജ്, അനിൽ മണമ്പൂർ, മനോഹരൻ, ഗോപിനാഥ്, അനിൽ പിരപ്പൻകോട്, അബ്ദുൽ കലാം, ഹാരിസ് എന്നിവർ അഹമ്മദ് മേലാറ്റൂരുമായുള്ള ഓർമ്മകൾ പങ്കുവെച്ചു.