താമരശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാർ മലപ്പുറം ജില്ലയിലെ മോങ്ങത്ത് കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടു. വ്യാപാരിയെ തട്ടിക്കൊണ്ടുപോയ രണ്ട് വാഹനങ്ങളും ഇതോടെ കണ്ടെത്താനായി. സുമോ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
സ്വിഫ്റ്റ് കാർ ഇന്ന് രാവിലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കരിപ്പുർ സ്വർണക്കടത്ത് കേസ് പ്രതി അലി ഉബൈറാന്റെ സഹോദരൻ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
താമരശേരിയിൽ കാറിലെത്തിയ സംഘം സ്‌കൂട്ടർ യാത്രക്കാരനായ താമരശ്ശേരി അവേലം സ്വദേശി മുരിങ്ങാം പുറായിൽ അഷ്റഫിനെ (55) തട്ടിക്കൊണ്ട് പോകുകയായിരുന്നു. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം വച്ചാണ് തട്ടികൊണ്ടുപോയത്.
ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്, റോഡിൽ ഉപേക്ഷിച്ച സ്കൂട്ടർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
പിന്നിൽ കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് നിഗമനം. സ്കൂട്ടറും, തട്ടികൊണ്ട് പോയ സംഘവും മുക്കം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി 9.40 ഓടെയാണ് സംഭവം. താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.
ഗൾഫിൽ വ്യാപാരിയാണ് അഷ്റഫ്. അവിടെ വെച്ചുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
അഷ്റഫിൻ്റെ സഹോദരീ ഭര്‍ത്താവ് ലിജാസുമായി ബന്ധപ്പെട്ട പണം വാങ്ങിയെടുക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് സംശയിക്കുന്നു. ലിജാസുമായി ഗൾഫിൽ വച്ച് അലി ഉബൈറാനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
അലി ഉബൈറാൻ്റ ബന്ധുക്കളെ താമരശ്ശേരി സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.