മുംബയ്: രാജ്യത്തെ കളിപ്പാട്ട വിൽപന മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനവുമായി മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. ഇന്ത്യയിൽ ഏറ്റവും ശക്തിപ്രാപിച്ചുവരുന്ന ബിസിനസ് മേഖലയാണ് കളിപ്പാട്ടം വ്യവസായം. അതുകൊണ്ടുതന്നെ തങ്ങളുടെ റോവൺ എന്ന ബ്രാൻഡിലൂടെ ഇവിടെ കുത്തക സൃഷ്ടിക്കുകയാണ് അംബാനിയുടെ ലക്ഷ്യം.
നിലവിൽ ഗുരുഗ്രാമിൽ റോവണിന്റെ ഔട്ട്ലെറ്റ് റിലയൻസ് ആരംഭിച്ചിട്ടുണ്ട്. 1400 ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള ചെറിയ കടകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ജനങ്ങൾക്ക് വളരെ വിലക്കുറവിൽ കളിപ്പാട്ടങ്ങൾ ലഭ്യമാക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് റിലയൻസ് വൃത്തങ്ങൾ പ്രതികരിച്ചു. റോവണിനൊപ്പം ബ്രിട്ടീഷ് പ്രീമിയം ടോയ് ബ്രാൻഡ് ആയ ഹാംലെയ്സും റിലയൻസ് വിൽക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ ടോയ് ബ്രാൻഡ് ആണ് ഹാംലെയ്സ്. 2019ൽ ആയിരുന്നു ഇവരെ റിലയൻസ് ഏറ്റെടുത്തത്.
ഹാംലെയ്സിനെ അതിന്റെ പ്രൗഡിയിൽ നിലനിറുത്തുകയും സ്വന്തം ബ്രാൻഡ് ആയ റോവണെ പരമാവധി ഡിസ്കൗണ്ട് നൽകി ജനപ്രിയമാക്കുകയുമാണ് റിലയൻസിന്റെ ലക്ഷ്യം.
2019-20 വർഷങ്ങളിലെ കണക്ക് പ്രകാരം ഇന്ത്യയിലെ കളിപ്പാട്ട വിപണിയുടെ മൂല്യം ഒരു ബില്യൺ അമേരിക്കൻ ഡോളർ ആണ്. 2024-25 വർഷം ആകുമ്പോഴേക്കും ഇത് ഇരട്ടിയാകുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം.