തൃശൂര്‍: സ്വകാര്യ മൊബൈല്‍ സേവന ദാതാക്കള്‍ അഞ്ചാം തലമുറയിലേക്ക് (5ജി) പ്രവേശിക്കാന്‍ ഒരുങ്ങുമ്ബോള്‍ ‘2ജി’യിലും ‘3ജി’യിലും ഇഴയുന്ന പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്ലിനെ മൂന്നുമാസത്തിനിടെ ഉപേക്ഷിച്ചത് കാല്‍ കോടിയിലേറെ ഉപഭോക്താക്കള്‍.
കഴിഞ്ഞ മേയില്‍ 5,31,502 കണക്ഷന്‍ നഷ്ടമായെങ്കില്‍ ജൂണില്‍ 13,23,922ലേക്ക് കുതിച്ചു. ജൂലൈയില്‍ 8,18,478 വരിക്കാരെയാണ് നഷ്ടപ്പെട്ടത്. തുടര്‍ന്നുള്ള മാസങ്ങളിലും ഇതേ പ്രവണതയാണ്. പ്രതിസന്ധിയില്‍ ഉഴലുന്ന ബി.എസ്.എന്‍.എല്ലിന് വരുമാനത്തില്‍ വലിയ കുറവാണ് നേരിടുന്നത്. ഇതിനുള്ള ഒറ്റമൂലി പരിഹാരമായ 4ജി സേവനം ലഭ്യമാക്കുന്നതിന് പ്രധാന തടസ്സം കേന്ദ്ര സര്‍ക്കാറാണ് എന്നതാണ് വിരോധാഭാസം.
റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും വിദേശ കമ്ബനികളായ എറിക്സണ്‍, നോക്കിയ, സാംസങ് എന്നിവയുമായി 5ജി ഉപകരണങ്ങള്‍ വാങ്ങാന്‍ ധാരണയായിട്ടുണ്ട്. രണ്ട് കമ്ബനികളും വിദേശ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമാണ് 5ജി സംവിധാനം വികസിപ്പിക്കുന്നത്. എന്നാല്‍, ബി.എസ്.എന്‍.എല്‍ ഇന്ത്യന്‍ ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് 4ജി വികസിപ്പിച്ചാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശാഠ്യം. ഇതോടെ വികസനം വഴിമുട്ടിയതാണ് വരിക്കാരുടെ കൊഴിഞ്ഞുപോക്ക് ശക്തമാക്കിയത്. ഏറെക്കാലത്തെ പരിശ്രമത്തിന് ശേഷം 4ജി ഉപകരണങ്ങള്‍ നല്‍കാന്‍ കരാര്‍ ലഭിച്ച ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസിനാകട്ടെ, ഇത് എന്ന് ലഭ്യമാക്കുമെന്ന് പറയാനാവുന്നില്ല. ഫലത്തില്‍ ബി.എസ്.എന്‍.എല്ലിന്‍റെ 4ജി സേവനം സമീപ ഭാവിയിലൊന്നും സംഭവിക്കില്ല. രാജ്യത്തെ തെക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ നിലവിലുള്ള 19,000 മൊബൈല്‍ ടവറുകള്‍ നവീകരിച്ചാല്‍ ഈ പ്രദേശങ്ങളില്‍ 4ജി നല്‍കാനാവും. ഇവ വിതരണം ചെയ്തത് നോക്കിയയാണ്. നവീകരണത്തിന് ബി.എസ്.എന്‍.എല്‍ 5,000 കോടി രൂപ മുടക്കിയാല്‍ മതി. എന്നാല്‍, ആ വഴിക്കും ആലോചനയില്ല.
സ്വകാര്യ കമ്ബനികളുമായി മത്സരിക്കാന്‍ പ്രാപ്തമാക്കുന്നതിന് ബി.എസ്.എന്‍.എല്ലിനെയും വിദേശ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന ജീവനക്കാരുടെ വിവിധ സംഘടനകളുടെ നിരന്തര ആവശ്യം കേന്ദ്രം ചെവിക്കൊള്ളുന്നതുമില്ല.