ഫുട്‌ബോള്‍ കായിക പ്രേമികള്‍ക്ക് ഇപ്പോള്‍ സന്തോഷമുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.
ജിദ്ദ:ഫിഫ ലോകകപിനോടനുബന്ധിച്ച് ഖത്വറിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് സഊദി റെയില്‍വേ ഹുഫൂഫിലേക്ക് അധിക ട്രെയിന്‍ സര്‍വിസുകള്‍ നടത്തും. ഈ മാസം 20 ന് ഖത്വറില്‍ ആരംഭിക്കുന്ന ലോകകപില്‍ ദേശീയ ഫുട്ബാള്‍ ടീമിന്റെ പങ്കാളിത്തത്തിന് പിന്തുണയായാണ് അധിക സര്‍വിസുകള്‍ ഏര്‍പെടുത്തുന്നതെന്ന് സഊദി അറേബ്യന്‍ റെയില്‍വേ കംപനി ‘സാര്‍’ (Saudi Railway Company) വ്യക്തമാക്കി.
റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നാണ് ഹുഫൂഫിലേക്കും തിരിച്ചും അധിക സര്‍വിസ് ഏര്‍പെടുത്തുന്നത്. ലോകകപിലെ സഊദി മത്സരങ്ങളുടെ ദിവസങ്ങളില്‍ ഹുഫൂഫിലേക്കും തിരിച്ചും അധിക ട്രെയിന്‍ സര്‍വിസുകള്‍ ഷെഡ്യൂളില്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഈ സര്‍വിസുകളില്‍ ബുകിങ് ഇപ്പോള്‍ ലഭ്യമാണെന്നും സഊദി റെയില്‍വേ പറഞ്ഞു.
ഹുഫൂഫില്‍ എത്തുന്നവര്‍ക്ക് സഊദി-ഖത്വര്‍ അതിര്‍ത്തിയായ സല്‍വയില്‍ വേഗത്തില്‍ എത്താനാകും. അതിന് യാത്രക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് ഹുഫൂഫിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ ഏര്‍പെടുത്തുന്നത്. ഖത്വറിലേക്ക് കര മാര്‍ഗമുള്ള റോഡ് ഹുഫൂഫിലൂടെയാണ് കടന്നുപോകുന്നത്.