മുക്കം: ഗെയില്‍ വിരുദ്ധ ജനകീയ സമരത്തെ ചോരയില്‍ മുക്കിക്കൊന്ന ഇടതു ഭരണകൂട ഭീകരതയുടെ അഞ്ച് വര്‍ഷം പൂര്‍ത്തിയായ കേരളപ്പിറവി ദിനത്തില്‍ സമരോര്‍മ്മകള്‍ പങ്കുവെച്ച് വീണ്ടുമൊരു ഒത്തുകൂടല്‍. ഗെയില്‍ വിരുദ്ധ സമര പോരാളികളും നേതാക്കളും ഇരകളും പ്രതിയാക്കപ്പെട്ട് ജയിലിലടക്കപ്പെട്ടവരുമാണ് വീണ്ടും എരഞ്ഞിമാവില്‍ ഒത്തുകൂടിയത്. പോലീസ് അതിക്രമത്തിന്റെ ഭീകരാനുഭവങ്ങള്‍ പങ്കുവെച്ച ഒത്തുകൂടല്‍ സമര സമിതി സംസ്ഥാന കണ്‍വീനര്‍ സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗെയില്‍ ജനകീയ സമരത്തില്‍ പങ്കെടുത്തവരുടെ അന്യായ കേസുകള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ സമരം കാരണം ഗെയില്‍ ഇരകള്‍ക്ക് മികച്ച ആനുകൂല്യങ്ങളും അര്‍ഹമായ നഷ്ടപരിഹാര പാക്കേജുകളും ലഭ്യമാക്കാന്‍ സാധിച്ചുവെന്നത് സമരത്തിന്റെ വിജയമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
കൊച്ചി-മംഗലാപുരം വാതകപൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലയില്നിന്നൊഴിവാക്കണമെന്നും ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി 2017 ഓഗസ്റ്റ് മാസം മുതല്‍ എരഞ്ഞിമാവിലും പരിസരപ്രദേശങ്ങളിലും ആരംഭിച്ച ജനകീയ സമരത്തെ നവംബര്‍ ഒന്നിന് സമരപ്പന്തല്‍ പൊളിച്ച് പോലീസ് നരനായാട്ടിലൂടെ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു. നിരപരാധികളായ ഒട്ടേറെപ്പേറെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. നരനായാട്ടില്‍ പ്രതിഷേധിച്ച് അന്നത്തെ എം.പി എം.ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ മുക്കം പോലീസ് സ്റ്റേഷനില്‍ ആറ് മണിക്കൂര്‍ കുത്തിയിരുപ്പ് പ്രതിഷേധം നടത്തി. സ്റ്റേഷന് പരിസരത്ത് തിങ്ങിക്കൂടിയ ജനത്തെ പോലീസ് ഭീകരമായി നേരിട്ടു. വാഹനങ്ങള്‍ നശിപ്പിച്ചു.
പ്രതിപക്ഷത്തിരുന്നപ്പോള്‍ ഗെയിലിനെതിരെ സമരത്തിന് നേതൃത്വം കൊടുത്ത സിപിഎം ഭരണത്തിലേറിയപ്പോള്‍ സമരം അടിച്ചൊതുക്കി പദ്ധതി നടപ്പാക്കുകയായിരുന്നു. സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്നും ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃതബോധമാണവരെ നയിക്കുന്നതെന്നുമുള്ള സിപിഎമ്മിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായി.
എരഞ്ഞിമാവ് സമര സമിതി ചെയര്മാന് ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, കെ.സി അന്‍വര്‍, കണ്‍വീനര്‍ കരീം പഴങ്കല്‍, കെ.സി. നൂറുദ്ദീന്‍, പി.പി ശിഹാബ്, സാലിം ജീറോഡ്, ഷരീഫ് അമ്പലക്കണ്ടി, അബൂബക്കര്‍ ആനയാംകുന്ന്, അബ്ദു ചാലില്‍, റഫീഖ് കുറ്റ്യോട്ട്, ഷാജി എരഞ്ഞിമാവ് പ്രസംഗിച്ചു.