ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന വമ്ബന്മാരുടെ പോരാട്ടത്തില്‍ ചെല്‍സിക്കെതിരെ ആഴ്സനലിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ട്ടേറ്റയും സംഘവും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വിജയക്കൊടി പാറിച്ചത്.
ഇന്നലെ ഫുള്‍ഹാമിനോട് വിജയിച്ചതോടെ ആഴ്സനലിനെ മറികടന്നുകൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. എന്നാല്‍ ചെല്‍സിക്കെതിരെയുള്ള ഈ തിളക്കമാര്‍ന്ന വിജയത്തോടെ ഗണ്ണേഴ്സ് ഒന്നാം സ്ഥാനം തിരികെപിടിച്ചു. മത്സരത്തിന്‍്റെ 63ആം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോള്‍ പിറന്നത്. ഇംഗ്ലണ്ട് ഇന്‍്റര്‍നാഷണല്‍ താരം ബുക്കായോ സാക്ക എടുത്ത കോര്‍ണറില്‍ നിന്നും ബ്രസീലിയന്‍ പ്രതിരോധനിര താരം ഗബ്രിയേല്‍ ആണ് ഗണ്ണേഴ്സിനായി വലകുലുക്കിയത്.
ചെല്‍സിയുടെ തട്ടകത്തില്‍ ആണ് മത്സരം നടന്നതെങ്കില്‍ പോലും മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് ആഴ്സനല്‍ തന്നെയായിരുന്നു. നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് അവര്‍ക്ക് ഒന്നിലേറെ ഗോളുകള്‍ നേടുവാന്‍ കഴിയാതെ പോയത്. ഒപ്പം ഗോള്‍മുഖത്തെ ചെല്‍സി കീപ്പര്‍ എഡ്വേര്‍ഡ് മെന്‍്റിയുടെ ചെറുത്തുനില്‍പ്പും. ഈയൊരു മിന്നും വിജയത്തോടെ തങ്ങള്‍ ഒന്നാംസ്ഥാനം കയ്യടക്കി വെച്ചിരിക്കുന്നത് ഭാഗ്യം കൊണ്ടല്ലെന്ന് തെളിയിക്കുവാന്‍ ഗണ്ണേഴ്സിന് സാധിച്ചു. സിറ്റിയില്‍ നിന്നും ഒന്നാം സ്ഥാനം തിരികെ പിടിച്ച മികേല്‍ അര്‍ട്ടേറ്റയുടെ ചുണക്കുട്ടികള്‍ക്ക് നിലവില്‍ 34 പോയിന്‍്റാണ് സമ്ബാദ്യം. രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ 2 പോയിന്‍്റ് കൂടുതല്‍. പരാജയം ഏറ്റുവാങ്ങിയ ചെല്‍സി 13 മത്സരങ്ങളില്‍ നിന്നും 21 പോയിന്‍്റോടെ 7ആം സ്ഥാനത്താണ്.