ഭുവനേശ്വര്‍: ചാരായം നിര്‍മ്മിക്കാനായി സൂക്ഷിച്ച കോടയടക്കം കുടിച്ച് തീര്‍ത്ത് കിറുക്കത്തില്‍ മയങ്ങിപ്പോയി കാട്ടാനക്കൂട്ടം.
ഒഡീഷയില്‍ കിയോഞ്ജര്‍ ജില്ലയിലെ ഒരു കാട്ടിലാണ് സംഭവം. അടുത്തുളള ഗ്രാമത്തിലെ ചിലര്‍ നാടന്‍ വാറ്റ്‌ചാരായമുണ്ടാക്കാന്‍ പ്രദേശത്ത് കിട്ടുന്ന ചില കാട്ടുപൂക്കളിട്ട് കോട സൂക്ഷിച്ചിരുന്നു. ഈ സമയം പ്രദേശത്തെ ഒരു കാട്ടാനക്കൂട്ടം ഇവിടെയെത്തി കോട നിറച്ച ക്യാനുകള്‍ തകര്‍ത്ത് നാടന്‍ ചാരായം കുടിച്ചുതീര്‍ത്തു. കുടിച്ചതിന്റെ ലഹരിയില്‍ 24ഓളം ആനകളടങ്ങിയ കൂട്ടം അവിടെത്തന്നെ മണിക്കൂറുകളോളം കിടന്നുറങ്ങി.
ഈ സമയം ചാരായം വാറ്റിയതെടുക്കാന്‍ അവിടെയെത്തിയ നാട്ടുകാര്‍ കാഴ്‌ച കണ്ട് അങ്കലാപ്പിലായി. വാറ്റിയതെല്ലാം ആനക്കൂട്ടം നശിപ്പിച്ചത് കണ്ട് അവര്‍ ആനക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ ആനകള്‍ ഉണരാത്തതിനെ തുടര്‍ന്ന് വേഗം വനംവകുപ്പിനെ വിവരമറിയിച്ചു. ഇവര്‍ ചെണ്ടകൊട്ടി ആനകളെ ഉണര്‍ത്തിയാണ് കാട്ടിലേക്ക് കയറ്റിവിട്ടത്.
അതേസമയം ആനകള്‍ വിശ്രമിച്ചത് മാത്രമാണെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം. എന്നാല്‍ മുന്‍പും ഇതേ പ്രദേശത്ത് ആനകള്‍ ഉറങ്ങിക്കിടന്നത് കണ്ടിട്ടുളളതിനാല്‍ ഇത് ചാരായം കുടിച്ചതിന്റെ ഫലമാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ച് പറയുന്നു.