സിംഗപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ ഗനി റേഡിയോവാല, മുംബൈ സ്വദേശി മുഹമ്മദ് റഫീഖ് ലക്ഡാവാല എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ കടത്തിയ 4 കിലോ സ്വര്‍ണവും പിടികൂടി
ജോധ്പൂര്‍(രാജസ്ഥാന്) : വിമാനത്തിന്റെ സീറ്റില്‍ ഒളിപ്പിച്ച് വിദഗ്ധമായ രീതിയില്‍ സ്വര്‍ണം കടത്തി വന്ന പ്രതികള്‍ പിടിയില്‍. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് സിംഗപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ ഗനി റേഡിയോവാല (51), മുംബൈ സ്വദേശി മുഹമ്മദ് റഫീഖ് ലക്ഡാവാല എന്നിവരെ കസ്റ്റംസ് പിടികൂടിയത്. പ്രതികള്‍ കടത്തിക്കൊണ്ടുവന്ന നാല് കിലോ സ്വര്‍ണവും കസ്റ്റംസ് പിടികൂടി. പ്രതികള്‍ സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് 21 തവണ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് അധികൃതര്‍ കണ്ടെത്തി.
ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് ജോധ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ അനധികൃത സ്വര്‍ണം കൊണ്ടുവന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. വിമാനം ഇറങ്ങിയയുടനെ ഇരുവരേയും പരിശോധിച്ചെങ്കിലും പ്രതികളില്‍ നിന്ന് സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടേയും ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇരുവരെയും എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവര്‍ സഞ്ചരിച്ച വിമാനം പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. എന്നാല്‍ സ്വര്‍ണം കടത്തി എന്ന് ഉറപ്പുള്ളതിനാല്‍ കസ്റ്റംസ് ഇരുവരും യാത്ര ചെയ്ത വിമാനം ഒന്നുകൂടി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ മുംബൈയില്‍ എത്തി വിമാനം വീണ്ടും പരിശോധിച്ചപ്പോള്‍ സീറ്റില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.
വമ്ബന്‍ പ്ലാനിങ് : സിംഗപ്പൂരില്‍ നിന്ന് സ്വര്‍ണവുമായി വരുന്ന പ്രതികള്‍ കസ്റ്റംസിനെ കബളിപ്പിച്ചായിരുന്നു 21 തവണയും സ്വര്‍ണം കടത്തിയത്. മുംബൈ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമായതിനാല്‍ സിംഗപ്പൂരില്‍ നിന്ന് സ്വര്‍ണവുമായി വരുന്ന പ്രതികള്‍ സ്വര്‍ണം വിമാനത്തിനുള്ളില്‍ തന്നെ വെച്ച് പുറത്തേക്കിറങ്ങും. പിന്നാലെ ആ വിമാനം അടുത്ത ദിവസം ഇന്ത്യയിലെ ഏത് നഗരത്തിലേക്കാണ് പോകുന്നതെന്ന് മനസിലാക്കും.
കസ്റ്റംസ് പരിശോധന കുറഞ്ഞ പ്രാദേശിക വിമാനത്താവളത്തിലേക്കാണ് വിമാനം പോകുന്നതെങ്കില്‍ സ്വര്‍ണം ഒളിപ്പിച്ച സീറ്റില്‍ തന്നെ ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്യും. ശേഷം ഈ വിമാനത്താവളത്തിലൂടെ സ്വര്‍ണവുമായി പ്രതികള്‍ പുറത്തുകടക്കും. ഈ പദ്ധതി നടപ്പാക്കാനാണ് ജോധ്പൂരിലേക്ക് പ്രതികള്‍ എത്തിയത്. എന്നാല്‍ സ്വര്‍ണക്കടത്തിന്റെ വിവരം കസ്റ്റംസ് മനസിലാക്കിയെന്നറിഞ്ഞ ഇരുവരും സ്വര്‍ണം പുറത്തെടുക്കാതെ വിമാനത്തിനുള്ളില്‍ തന്നെ വെച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു.