കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍; ഒരാളെ കാണാതായി

മൂന്നാര്‍/ മറയൂര്‍: കുടുംബസമേതം വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് ഒരാളെ കാണാതായി.
മൂന്നാര്‍ കുണ്ടളയ്ക്കു സമീപമാണ് അപകടം.

കോഴിക്കോട് വടകര കല്ലട സ്വദേശി രൂപേഷി (45)നെയാണ് കാണാതായത്. ടോപ്സ്റ്റേഷന്‍ സന്ദര്‍ശിച്ചു മൂന്നാറിലേക്കു മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ട്രാവലര്‍ ഒന്നര കിലോമീറ്ററോളം ഒഴുകിപ്പോയി തകര്‍ന്നു തരിപ്പണമായി.

മൂന്നു വാഹനങ്ങളിലായി കോഴിക്കോട് വടകരയില്‍നിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ഉരുള്‍പൊട്ടല്‍ സംഭവിച്ച സ്ഥലത്തുനിന്നു കുണ്ടള ഡാമിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മൂന്നു ടെമ്ബോ ട്രാവലറുകളും വട്ടവട സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു.

പുതുക്കടിക്ക് മുന്‍പ് മൂന്നു കിലോമീറ്റര്‍ ദൂരം ഗ്രാന്‍റീസ് തോട്ടം ഭാഗത്ത് ഉരുള്‍ പൊട്ടിവരുന്നതു കണ്ട് ട്രാവലറിന്‍റെ ഡ്രൈവര്‍ വാഹനത്തില്‍നിന്നു പുറത്തിറങ്ങി. വാഹനത്തിനുള്ളിലുള്ളവരോടു പിന്നിലുള്ള വാതിലിലൂടെ പുറത്തിറങ്ങാനും നിര്‍ദേശിച്ചു. വാഹനത്തിലുള്ളവര്‍ എല്ലാം പുറത്തിറങ്ങി വാഹനം തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മുകളില്‍നിന്നു കൂറ്റന്‍ പാറ ഇളകി വന്നു വാഹനത്തില്‍ ഇടിച്ചു.

ഈ സമയം വാഹനത്തിനുള്ളില്‍നിന്നു ഫോണ്‍ തിരികെ എടുക്കാന്‍ കയറിയ രൂപേഷ് തെറിച്ചു താഴേക്കു പോവുകയായിരുന്നു. മൂന്നു ടെംപോ ട്രാവലറുകളിലാണ് സംഘം എത്തിയത് ഇതില്‍ ഏറ്റവും മുന്നിലെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഓഗസ്റ്റില്‍ കുണ്ടളയിലെ പുതുക്കടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് ഈ വഴിയിലൂടെയുള്ള ഗതാഗതത്തിനു ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.

വെള്ളിയാഴ്ച രാത്രിമുതല്‍ പെയ്യുന്ന കനത്ത മഴയെടര്‍ന്ന് തോടുകളിലും ചെറിയ ആറുകളും നിറഞ്ഞൊഴുക ആയിരുന്നു. വിനോദ സഞ്ചാരികള്‍ ടെമ്ബോ ട്രാവലര്‍ ഒഴുക്കില്‍പ്പെട്ട വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്തെ യുവാക്കളും ഫയര്‍ഫോഴ്സില്‍നിന്ന് എത്തിയ രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഏഴംഗ സംഘാണ് തെരച്ചില്‍ നടത്തിയത്.

ഉരുള്‍ പൊട്ടലിന്‍റെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ തെരച്ചില്‍ നടത്തിയവര്‍ ഒന്നര കിലോമീറ്റര്‍ അകലെ കൂറ്റന്‍ മരം ട്രാവലറിനുള്ളിലേക്ക് ഇടിച്ചുകയറിയ നിലയില്‍ കണ്ടെത്തി. ട്രാവലറിനുള്ളില്‍ മണ്ണും ചപ്പു ചവറുകളും നിറഞ്ഞതിനാല്‍ പ്രാഥമികമായി നടത്തിയ തെരച്ചിലില്‍ രൂപേഷിനെ കണ്ടെത്താന്‍ സാധിച്ചില്ല.

spot_img

Related Articles

Latest news