ലോകകപ്പിലേക്കിനി ദിവസങ്ങൾ നക്ഷത്രങ്ങള്‍ മണ്ണിലേക്ക്

ദോഹ: ആവേശക്കടലിലേക്ക് കോര്‍ണിഷ് വാതില്‍ തുറക്കുകയാണ്. കതാറയുടെ മേലാപ്പില്‍ കളിയുടെ നിറങ്ങള്‍ നിറഞ്ഞുതൂവുന്നു.

അറബിക്കഥയിലെ രാജകുമാരനാകാന്‍ മോഹിച്ച്‌ ലയണല്‍ മെസ്സി പറന്നിറങ്ങുന്ന ദിവസമാണിന്ന്. കിരീടം കാത്തുസൂക്ഷിക്കാന്‍ കരീം ബെന്‍സേമയും കിലിയന്‍ എംബാപെയുമടങ്ങുന്ന ഇരട്ടക്കുഴല്‍ തോക്കുമായി ഫ്രാന്‍സും. ഹമദ് എയര്‍പോര്‍ട്ടിന്റെ എക്സിറ്റില്‍നിന്ന് അവര്‍ കാലൂന്നുക കാല്‍പന്തുകളിയുടെ കനകപോരാട്ട നിലങ്ങളിലേക്കാണ്. മികവിന്റെ ആകാശത്ത് താരപ്പകിട്ടോടെ വിരാജിക്കുന്ന നക്ഷത്രങ്ങള്‍ മണ്ണിലേക്കിറങ്ങുന്നതോടെ, ഖത്തര്‍ പടപ്പുറപ്പാടിനൊരുങ്ങുകയാണ്. ഇനി നാലു ദിനം മാത്രം. ദ പേള്‍ ഖത്തറിനരികെ നേട്ടങ്ങളുടെ മുത്തുവാരാനെത്തുകയാണ് ലോകം. അരങ്ങൊരുക്കുന്നതിന്റെ ആവേശത്തിരയിലാണീ നാട്.

ചോരത്തിളപ്പിന്റെ കരുത്തുമായി ഇംഗ്ലണ്ട് ഈ മണ്ണിലെത്തിക്കഴിഞ്ഞു. ബിര്‍മിങ്ഹാമിലെ മഴനനഞ്ഞ സെന്റ് ജോര്‍ജ് പാര്‍ക്കില്‍നിന്ന് വില്യം രാജകുമാരന്റെ പ്രഭാഷണം കേട്ട് പ്രചോദിതരായാണ് അവര്‍ വിമാനം കയറിയത്. നിര്‍ഭാഗ്യങ്ങളുടെ വേരറുക്കാനുറച്ച്‌ പ്രതിഭകളുടെ കൂട്ടവുമായി നെതര്‍ലന്‍ഡ്സിന്റെ ഓറഞ്ചുകുപ്പായക്കാരുമെത്തി. ഡെന്മാര്‍ക്കും എക്വഡോറുമെത്തിയതോടെ പത്തു നിരകള്‍ ഖത്തറിന്റെ തീരമണഞ്ഞു.

അര്‍ജന്റീനക്കും ഫ്രാന്‍സിനും പുറമെ സെനഗാളും വെയ്ല്‍സും ബുധനാഴ്ചയെത്തും. യു.എ.ഇയുമായി അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ സൗഹൃദമത്സരം കളിച്ചതിനു പിന്നാലെയാണ് മെസ്സി നയിക്കുന്ന അര്‍ജന്റീന ദോഹയിലേക്കു പറക്കുന്നത്.

spot_img

Related Articles

Latest news