ബേണ്‍: പരിസ്ഥിതി നിരീക്ഷണം മുതല്‍ യുദ്ധ രംഗങ്ങളില്‍ ആയുധങ്ങള്‍ വര്‍ഷിക്കാന്‍ വരെ ഇന്ന് സര്‍വസാധാരണമായി ഉപയോഗിക്കുന്നവയാണ് ഡ്രോണുകള്‍.
ആരോഗ്യ രംഗത്തും പ്രകൃതി ദുരന്തങ്ങളിലുമൊക്കെ ഡ്രോണുകളുടെ സേവനം വ്യാപകമായി പ്രയോജനപ്പെടുത്താറുണ്ട്.
അടുത്തയിടെ സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു പറ്റം ഗവേഷകര്‍ രൂപകല്‍പ്പന ചെയ്ത ഡ്രോണ്‍ വാര്‍ത്തകളില്‍ നിറയുകയാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ഭക്ഷണമെത്തിക്കാന്‍ ഉപയോഗിക്കുന്ന ഇവ, ഭക്ഷിക്കാനും കൊള്ളാം എന്നതാണ് പ്രത്യേകത.
ഭക്ഷ്യയോഗ്യമായ ഈ ഭക്ഷ്യ ഡ്രോണുകളുടെ ചിറകുകളാണ് ആഹാരമായി ഉപയോഗിക്കാവുന്നത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷിക്കാന്‍ യോഗ്യമായ ഈ ഡ്രോണുകള്‍, റോബോ ഫുഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.
യുദ്ധകാലങ്ങളിലും മറ്റ് ദുരന്തകാലങ്ങളിലുമാണ് ഈ ഡ്രോണുകള്‍ ഉപയോഗിക്കാവുന്നത്. ജെലാറ്റിന്‍ ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുന്ന കേക്കുകളാണ് ഇവയുടെ ചിറകുകള്‍. ഇവയിലെ ഭക്ഷ്യയോഗ്യമായ ഭാഗം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ ഇവ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് തുടങ്ങാമെന്നാണ് ഗവേഷകര്‍ കണക്ക് കൂട്ടുന്നത്.