ന്യൂഡല്‍ഹി: ഡിജിറ്റല്‍ യുഗത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്.
ബാങ്ക് വായ്പ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ആദ്യം ചോദിക്കുന്നത് ആധാര്‍ കാര്‍ഡാണ്. ആധാര്‍ എടുക്കുന്നതിന് പ്രായപരിധിയില്ല. ജനിച്ച കുട്ടിക്ക് വരെ ആധാര്‍ എടുക്കാം. ഇതിനെ ബാല്‍ ആധാര്‍ എന്നാണ് പറയുന്നത്.
മാതാപിതാക്കളുടെ ആധാര്‍ നമ്ബറും ജനന സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ കുട്ടിയുടെ പേരില്‍ ആധാര്‍ എടുക്കാവുന്നതാണ്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് ബയോമെട്രിക് വിവരങ്ങള്‍ ആവശ്യമില്ല. ഈ പ്രായപരിധിയിലുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ കൃത്യമായി തെളിയില്ല എന്നതാണ് ഇതിന് കാരണം.
എന്നാല്‍ കുട്ടിക്ക് അഞ്ചുവയസ് തികയുന്നതോടെ, ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ നിര്‍ബന്ധമായി അപ്ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ അറിയിച്ചു. ആദ്യം അഞ്ച് വയസാകുമ്ബോള്‍ പിന്നീട് പതിനഞ്ച് തികയുമ്ബോഴും ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ മറക്കരുതെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ അറിയിച്ചു.
ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഫീസ് ഒന്നും ഈടാക്കുന്നില്ല. സൗജന്യമായി തന്നെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. തിരിച്ചറിയുന്നതിന് പത്തു വിരലുകളുടെയും അടയാളം, നേത്രപടലം, ഫോട്ടോ എന്നിവയാണ് പ്രധാനമായി ബയോമെട്രിക് വിവരങ്ങള്‍.