ദോഹ – ലോക ഫുട്ബോളിന്റെ അധികാരശ്രേണിയെ പിടിച്ചുകുലുക്കി ലോകകപ്പില്‍ സൗദി അറേബ്യയുടെ അവിസ്മരണീയ വിജയം. കഴിഞ്ഞ 36 കളികളിലായി പരാജയമറിയാതെ വന്ന ലിയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ 2-1 ന് സൗദി തോല്പിച്ചു. ഒമ്പതാം മിനിറ്റില്‍ വഴങ്ങിയ അനാവശ്യ പെനാല്‍ട്ടിയില്‍ ഗോള്‍ വഴങ്ങിയ സൗദി രണ്ടാം പകുതിയിലാണ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. സൗദിയുടെ തന്ത്രങ്ങളിലും എതിര് മുന്നേറ്റം എന്തു വില കൊടുത്തും തടയാനുള്ള ധീരതയിലും അര്‍ജന്റീനക്ക് കാലിടറി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അഞ്ചു മിനിറ്റ് സാലിഹ് അല്‍ശഹരിയും സാലിം അല്‍ദോസരിയുമാണ് എണ്ണം പറഞ്ഞ ഗോളുകള്‍ നേടിയത്.അതോടെ കളി പൂര്‍ണമായി തിരിഞ്ഞു. ഗാലറിയുടെ കാതടപ്പിക്കുന്ന പിന്തുണ സൗദിക്ക് കരുത്തായി. സര്‍വം നല്കി പ്രതിരോധിക്കാന്‍ സൗദിക്ക് കരളുറപ്പ് കിട്ടി.
മെസ്സിയുടെ പെനാല്‍ട്ടിയില്‍ തുടക്കത്തില്‍ തന്നെ മുന്നിലെത്തിയ അര്‍ജന്റീന പിന്നീട് ഓഫ്സൈഡ് കെണിയില്‍ എതിരാളികളെ കുടുക്കി. മെസ്സിയും രണ്ടു തവണ ലൗതാരൊ മാര്‍ടിനേസും പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീന വഴങ്ങിയതിനെക്കാള്‍ കൂടുതല്‍ ഓഫ്സൈഡ് ഈ ഒരു മത്സരത്തില്‍ അവര്‍ വഴങ്ങി. ധീരമായി പ്രതിരോധിച്ച സൗദിക്ക് ആദ്യ പകുതിയില്‍ തന്നെ ക്യാപ്റ്റന്‍ സല്മാന് അല്‍ഫറജിനെ നഷ്ടപ്പെട്ടിരുന്നു. നിരവധി കളിക്കാര്‍ മഞ്ഞക്കാര്‍ഡ് നേടി. രണ്ടാം പകുതിയില്‍ മുന്‍നിര പോലും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇറങ്ങി. പലതവണ അവസാന ടാക്കിളില്‍ അര്‍ജന്റീനക്ക് ഗോള്‍ നഷ്ടപ്പെട്ടു. പ്രതിരോധ നിര പരാജയപ്പെട്ട ചില ഘട്ടങ്ങളില്‍ ഗോളി മുഹമ്മദ് അല്‍ഉവൈസ് ബോക്സ് വിട്ടിറങ്ങി രക്ഷകനായി. ഗോളിയും പരാജയപ്പെട്ട ഒരവസരത്തില്‍ അബ്ദുല്‍ ഇലാഹ് അല്‍ അംരി ഗോള്‍ലൈനില്‍ പന്ത് ഹെഡ് ചെയ്തകറ്റി.
അര്‍ജന്റീന അവസാനം തോറ്റത് മൂന്നു വര്‍ഷം മുമ്പാണ്. 2019 ലെ കോപ അമേരിക്കയില്‍ ബ്രസീലിനോട്. തുടര്‍ന്നുള്ള 36 കളികളില്‍ ഇരുപത്തഞ്ചും അവര്‍ ജയിച്ചു. അവസാന അഞ്ചെണ്ണം ഒരു ഗോള്‍ പോലും വഴങ്ങാതെ അവര്‍ നേടി. അതിനാല്‍തന്നെ ഈ ലോകകപ്പ് സാധ്യതകളില്‍ ബ്രസീലിനൊപ്പം മുന്നിലായിരുന്നു അവര്‍. 2002 ല്‍ ഉജ്വല ഫോമില്‍ വന്ന അര്‍ജന്റീന ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. അര്‍ജന്റീനയുടെ നോക്കൗട്ട് പ്രവേശം ഇതോടെ തുലാസിലായി. ഇനി നേരിടാനുള്ളത് മെക്സിക്കോയെയും റോബര്‍ട് ലെവന്‍ഡോവ്സ്കിയുടെ പോളണ്ടിനെയുമാണ്. അര്‍ജന്റീനാ പ്ലേയിംഗ് ഇലവനില്‍ 34 വയസ്സോ മുകളിലോ ഉള്ള നാലു പേരുണ്ട്. ലോകകപ്പില്‍ ഇതാദ്യമാണ്.
അര്‍ജന്റീനയുടെ വേഗമുള്ള കളിക്കാരെ ഓഫ്സൈഡ് കെണിയില്‍ കുടുക്കാനുള്ള തന്ത്രമാണ് സൗദി കോച്ച് ഹെര്‍വ് റെനൊ പ്രയോഗിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ മുഴുവന്‍ വഴങ്ങിയതിനെക്കാള്‍ കൂടുതല്‍ തവണ ഈ മത്സരത്തില്‍ അര്‍ജന്റീന ഓഫ്സൈഡായി. പ്രതിരോധ നിര ഏറെ കയറിയാണ് നിന്നത്. പലതവണ അര്‍ജന്റീനാ മുന്‍നിര ഓഫ്സൈഡായി. 23ാം മിനിറ്റില്‍ മെസ്സിയും ഇരുപത്തേഴാം മിനിറ്റിലും 34ാം മിനിറ്റിലും ലൗതാരൊ മാര്‍ടിനേസും പന്ത് വലയിലെത്തിച്ചപ്പോഴും ഓഫ്സൈഡ് കൊടിയുയര്‍ന്നു. ഗോളിയെ കീഴടക്കിയപ്പോള്‍ റഫറി വിസില്‍ മുഴക്കിയെങ്കിലും വീഡിയൊ റിവ്യൂവില്‍ ഓഫ്സൈഡാണെന്ന് തെളിഞ്ഞു. ഫിസിക്കല്‍ ഗെയിമിലൂടെ അര്‍ജന്റീനയെ വരുതിയില്‍ നിര്‍ത്താനും സൗദിക്ക് കഴിഞ്ഞു.