‘ബ്രസീല്‍ ബിരിയാണി’; പെരിന്തല്‍മണ്ണയില്‍ കുതിച്ചെത്തിയത് 2000ലേറെ പേര്‍

പെരിന്തല്‍മണ്ണ: സെര്‍ബിയയെ വിറപ്പിച്ച്‌ ബ്രസീലിയന്‍ താരങ്ങള്‍ പടയോട്ടം തുടങ്ങുംമുമ്ബേ പെരിന്തല്‍മണ്ണയിലെ ബ്രസീല്‍ ആരാധകര്‍ ഉറപ്പിച്ചിരുന്നു, വിജയം കാനറിപ്പക്ഷികള്‍ക്കാണെന്ന്.അതുകൊണ്ടുതന്നെ ആഘോഷം കെങ്കേമമാക്കാന്‍ കളികഴിയുന്നത് വരെ അവര്‍ കാത്തിരുന്നില്ല. 12.30ന് ഖത്തറില്‍ പോരാട്ടം തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്ബ് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ ഫാന്‍സിന്റെ വക ‘ബ്രസീല്‍ ബിരിയാണി’ വിതരണം തുടങ്ങിയിരുന്നു.

ലോകകപ്പില്‍ ബ്രസീലിന്റെ അരങ്ങേറ്റ മല്‍സരത്തോടനുബന്ധിച്ചാണ് ആരാധകര്‍ അര്‍ധരാത്രി ബിരിയാണി വിതരണം നടത്തിയത്. ബ്രസീല്‍ ഫാന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ബിരിയാണി വിതരണം സോഷ്യല്‍മീഡിയ വഴി അറിഞ്ഞ് 2000ല്‍പരം പേരാണ് പാതിരാത്രിയും ഒഴുകിയെത്തിയത്.

റിച്ചാലിസന്റെ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ ബ്രസീല്‍ ഗോള്‍ നേടിയത് ബിരിയാണി കഴിച്ച്‌ ആവേശത്തോടെ കളികാണാനിരുന്ന ആരാധകരുടെ ആഘോഷാരവം ഇരട്ടിയാക്കി. ഗ്രൂപ് ജിയിലെ മത്സരത്തില്‍ കാനറികള്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെര്‍ബിയയെ തോല്‍പിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്‍റെ (62, 73) ഇരട്ടഗോളിന്‍റെ കരുത്തിലായിരുന്നു ബ്രസീലിന്‍റെ ജയം.

ബ്രസീല്‍ മല്‍സരം കാണാന്‍ വരുന്നവര്‍ക്കെല്ലാം രാത്രി 11.30 മുതല്‍ 12.25 വരെ ബിരിയാണി വിതരണം ചെയ്യുമെന്നായിരുന്നു സോഷ്യല്‍ മീഡീയയില്‍ അറിയിപ്പ്. വണ്ടൂര്‍, നിലമ്ബൂര്‍, മക്കരപ്പറമ്ബ് എന്നിവിടങ്ങളില്‍ നിന്നുവരെ ആളുകളെത്തി.

അര്‍ജന്റീന ഫാന്‍സ് അടക്കം മറ്റു ഫാന്‍സുകാരും ഫുട്ബോള്‍ പ്രേമികളും സഹകരിച്ചു കൊണ്ടാണ് ഭക്ഷണവിതരണം നടത്തിയതെന്ന് ബ്രസീല്‍ ഫാന്‍സ് അംഗങ്ങള്‍ പറഞ്ഞു. 2800 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഡിസ്പോസിബിള്‍ പ്ലെയ്റ്റാണ് കരുതിയിരുന്നത്. രണ്ടും മൂന്നും പേര്‍ക്കു കഴിക്കാനുള്ളത് ഒരുമിച്ചും വിതരണം നടത്തി.

നീണ്ട വരിയാണ് പെരിന്തല്‍മണ്ണ ജൂബിലിജങ്ഷനു സമീപം രൂപപ്പെട്ടത്. യുവാക്കളും മുതിര്‍ന്നവരും ഒഴുകിയെത്തിയതോടെ പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷന്‍ പാതിരാത്രിയില്‍ കളിയാവേശക്കാരെക്കൊണ്ട് നിറഞ്ഞു. ചെറിയ തോതില്‍ ഗതാഗത തടസവുമുണ്ടായി. ജൂബിലിയില്‍ പ്രൊജക്ടര്‍ വെച്ച്‌ ഫുട്ബോള്‍ മല്‍സരം കാണാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കളി കാണാന്‍ വരുന്നവര്‍ക്കെല്ലാം സൗജന്യ ബിരിയാണിയെന്ന് രണ്ടാഴ്ചയോളം മുമ്ബ് തീരുമാനിച്ചതാണ്.

spot_img

Related Articles

Latest news