നാദാപുരം: നാട്ടിന്‍പുറങ്ങളില്‍ ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു. കണ്ണിനകത്ത് കടും ചുവപ്പു നിറം, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍, പോളകള്‍ക്കിരുവശവും ചീയ് അടിയല്‍, പ്രകാശം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗികള്‍ക്ക് അനുഭവപ്പെടുന്നത്.
വൈറസ്, ബാക്ടീരിയ എന്നിവ രോഗകാരികളായതിനാല്‍ രോഗം ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് വേഗം പടരുകയാണ്. രോഗം വന്നയാളുടെ സമ്ബര്‍ക്കം, സ്പര്‍ശനം എന്നിവ രോഗം വേഗത്തില്‍ പടരാന്‍ ഇടയാക്കുന്നതിനാല്‍ രോഗി ഉപയോഗിച്ച വസ്തുക്കള്‍ വര്‍ജിക്കലാണ് നല്ലതെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
വ്യക്തിശുചിത്വം, കൈകള്‍ ഇടക്കിടെ കഴുകുക എന്നിവ പ്രതിരോധ മാര്‍ഗമാണ്. രോഗം പിടിപെട്ട ഒരാള്‍ക്ക് പൂര്‍ണമായി ഭേദപ്പെടാന്‍ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുന്നുണ്ട്. ആന്‍റി ബയോട്ടിക്കുകളും നേത്രപരിചരണത്തിനുള്ള ഓയിന്റ്മെന്റുകളുമാണ് സാധാരണ നല്‍കിവരുന്നത്. ഇലക്കറികളുടെ ഉപയോഗം രോഗപ്രതിരോധത്തിന് അഭികാമ്യമാണ്.
സാധാരണ ചൂടുകാലങ്ങളിലാണ് ഈ അസുഖം വ്യാപകമായി കാണപ്പെടാറെങ്കിലും നിലവിലെ സമ്മിശ്ര കാലാവസ്ഥയിലും രോഗം പടര്‍ന്നുപിടിക്കുകയാണ്. വിദ്യാലയങ്ങളില്‍ രോഗവ്യാപനത്തെ തുടര്‍ന്ന് ഹാജര്‍ വളരെയധികം കുറഞ്ഞിട്ടുണ്ട്.