മറൈന്‍ രംഗത്തെ മികച്ച സേവന വേതന വ്യവസ്ഥകളോടെ രാജ്യത്തിനകത്തും വിദേശത്തും ആസ്ഥാനമുള്ള വാണിജ്യക്കപ്പലുകളില്‍ ചീഫ് എന്‍ജിനീയറാകാന്‍ വരെ അവസരമൊരുക്കുന്ന ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനീയറിങ് (ജി.എം.ഇ.) കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൊച്ചി ഷിപ്യാഡ് നടത്തുന്ന 12 മാസം ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാം പഠിച്ചിറങ്ങിയാല്‍ പടിപടിയായി ചീഫ് എന്‍ജിനീയര്‍ വരെയാകാം.
വിദേശ വാണിജ്യ കപ്പലുകളില്‍ അഞ്ചു ലക്ഷത്തിനു മുകളിലാണ് ചീഫ് എന്‍ജിനീയറുടെ മാസ ശമ്പളം.
▪️ആകെ 114 സീറ്റുകളാണ് ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനീയറിങ് (ജി.എം.ഇ.) കോഴ്സിന് കൊച്ചിന് ഷിപ്പിയാര്‍ഡിലുള്ളത്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്പോണ്സര് ചെയ്തോ അല്ലാതെയോ പ്രവേശനം തേടാം.
ജനുവരി ഒന്നിനു ക്ലാസുകള്‍ തുടങ്ങും.
തെരഞ്ഞെടുക്കപെടുന്നവര്‍, ക്യാമ്പസില്‍ താമസിച്ചു പഠിക്കണം.
താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ മുതലായവയുള്‍പ്പെടെ മൊത്തം ഫീസ് 4.85 ലക്ഷം രൂപ നല്‍കണം. ഇതില്‍ പകുതി സംഖ്യ (2,42,500/-) , തുടക്കത്തിലും ബാക്കി സംഖ്യ, 3 മാസത്തിനകവും ഒടുക്കേണ്ടതുണ്ട്.
പെണ്‍കുട്ടികള്‍ 3,72,500 രൂപ നല്കിയാല് മതി.
▪️ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനീയറിങ് (ജി.എം.ഇ.) കോഴ്സ് പൂര്‍ത്തീകരിച്ച്, 6 മാസത്തെ കടല്‍പരിശീലനവും കഴിഞ്ഞ്, ഷിപ്പിങ് മന്ത്രാലയത്തിന്റെ ക്ലാസ് IV കോംപീറ്റന്‍സി പരീക്ഷ കൂടി പാസ്സായാല്‍, വാണിജ്യക്കപ്പലില്‍ ജൂനിയര്‍ മറൈന്‍ എന്‍ജിനീയര്‍ ഓഫിസറായി സേവനം ആരംഭിക്കാം.
തുടര്‍ന്ന് സേവനപരിചയവും, ഹ്രസ്വകാലപരിശീലനവും, ഉയര്‍ന്ന കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റുകളും സമ്പാദിച്ച് പടിപടിയായി ചീഫ് എന്‍ജിനീയര്‍ വരെയാകാനാകാനുള്ള അവസരവുമുണ്ട്.
🔲അപേക്ഷാ ക്രമം
വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷ പൂരിപ്പിച്ചതിനു ശേഷം, ഹാര്‍ഡ് കോപ്പി സ്പീഡ് പോസ്റ്റില്‍ ഡിസംബര്‍ 15 നുള്ളില്‍ മറൈന്‍ എഞ്ചിനീയറിംഗ് ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തണം.
🔲ആര്‍ക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകര്‍ , 50% മാര്‍ക്കോടെ മെക്കാനിക്കല്‍ / മെക്കാനിക്കല്‍ സ്ട്രീം / നേവല്‍ ആര്‍ക്കിടെക്ചര്‍ സ്ട്രീം / മറൈന്‍ എന്‍ജിനീയറിങ് ബിരുദം നേടിയവരും പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലിഷിന് 50% മാര്‍ക്ക് നേടിയവരുമായിരിക്കണം.
അപേക്ഷകര്‍ക്ക്, 2023 ജനുവരി ഒന്നിന് 28 വയസ്സു കവിയരുത്. ചുരുങ്ങിയത് 157 സെ.മീ. ഉയരവും ഉയരത്തിനൊത്ത തൂക്കവും നെഞ്ചളവും നിര്‍ബന്ധമായും വേണം.
കണ്ണുകള്‍ക്ക് ,വര്‍ണാന്ധത പാടില്ല. ഇത് തെളിയിക്കാന്‍ , ഷിപ്പിങ് ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കല്‍ ഓഫിസര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
അപേക്ഷകര്‍ക്ക്, പാസ്പോര്‍ട്ട് നിര്‍ബന്ധമായും വേണം.
ഇതു കൂടാതെ കടല്‍ജോലിക്കിണങ്ങിയ മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റില്‍ യോഗ്യത തെളിയിക്കേണ്ടതുമുണ്ട്.
🟰കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും:
www.dgshipping.gov.in
www.cochinshipyard.com
🔲അപേക്ഷ അയക്കേണ്ട വിലാസം:
The Head of Department,Marine Engineering Training Institute,Cochin Shipyard, Kochi – 682 002