ദോഹ – പോളണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ നിറഞ്ഞു കളിച്ചിട്ടും സൗദി അറേബ്യക്ക് രണ്ടു ഗോള്‍ തോല്‍വി. മുപ്പത്തൊമ്പതാം മിനിറ്റില്‍ പിയറ്റര്‍ സെലന്‍സ്‌കിയും എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഡിഫന്‍സിലെ വന്‍ അബദ്ധത്തില്‍നിന്ന് റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുമാണ് ഗോളടിച്ചത്. ലെവന്‍ഡോവ്‌സ്‌കിയുടെ തിളങ്ങുന്ന കരിയറിലെ ആദ്യ ലോകകപ്പ് ഗോളാണ് ഇത്. ആനന്ദക്കണ്ണീരോടെയാണ് ലെവന്‍ഡോസ്‌കി ആഘോഷിച്ചത്. തൊട്ടുപിന്നാലെ മറ്റൊരു ഗോളിനായി ലെവന്‍ഡോവ്‌സ്‌കി കുതിച്ചതായിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വലയിലേക്ക് പന്ത് കോരിയിടാനാണ് ലെവന്‍ഡോവ്‌സ്‌കി ശ്രമിച്ചത്. പക്ഷെ ഗോളി മുഹമ്മദ് അല്‍ഉവൈസ് ധീരമായി മുന്നോട്ടുകയറുകയും നീട്ടിയ കൈകളില്‍ ത്ട്ടി ഗോള്‍ വഴിമാറുകയും ചെയ്തു. പോളണ്ട് ഗോളി വോയ്‌സിയേഷ് ചെചസ്‌നിക്കും ഇത് മികച്ച മത്സരമായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ രണ്ടു കളിയില്‍ അഞ്ചു ഗോള്‍ വഴങ്ങിയ ചെചസ്‌നിക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടതായിരുന്നു. ഇത്തവണ രണ്ടു കളിയിലും ഗോള്‍ വഴങ്ങിയില്ല.
കളിയുടെ ഗതിക്കെതിരെയായിരുന്നു ആദ്യ ഗോള്‍. തൊട്ടുപിന്നാലെ സൗദിക്ക് കിട്ടിയ പെനാല്‍ട്ടി നായകന്‍ സാലിം അല്‍ദോസരി പാഴാക്കി. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ സൗദി പഠിച്ച പണി പതിനെട്ടും പയറ്റി. തുടക്കത്തില്‍ന്നെ സാലിം ഒരുക്കിയ അവസരം ഗോളി വോയ്‌സിയേഷ് ചെചസ്‌നി തടുത്തു. പിന്നീട് സൗദി കൂടുതല്‍ കളിക്കാരെ ആക്രമണത്തിനുപയോഗിച്ചതോടെ പിന്‍നിരയില്‍ ഒരുപാട് വിടവ് വീണു. അതിലൂടെ പോളണ്ട് ആക്രമിച്ചു കയറി. ആദ്യം ആര്‍ക്കിഡിയസ് മിലിക്കിന്റെയും പിന്നീട് റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെയും ഷോട്ടുകള്‍ പോസ്റ്റിനു തട്ടിത്തെറിച്ചു. പലതവണ പോളണ്ടിന്റെ കുതിപ്പ് ബോക്‌സ് വിട്ട് കുതിച്ചുകയറി ഗോളി മുഹമ്മദ് അല്‍ഉവൈസ് അടിച്ചകറ്റി. മറുവശത്ത് അബ്ദുല്‍ഹമീദ് അല്‍മാലികിയുടെ ഷോട്ട് ഗോളിയെ കീഴടക്കിയ ശേഷം പുറത്തേക്കു പോയി.
ആദ്യ പകുതിയില്‍ സൗദി ആക്രമിക്കുകയും പോളണ്ട് ഇറങ്ങിനിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നതിനിടയിലാണ് പോളണ്ട് ഗോളടിച്ചത്. പോളണ്ടിന്റെ ആദ്യ ശ്രമം ഗോളി മുഹമ്മദ് അല്‍ഉവൈസ് തടുത്തെങ്കിലും റീബൗണ്ടില്‍ പോളണ്ടിന് പിഴച്ചില്ല. തൊട്ടുമുമ്പ് മുഹമ്മദ് കാനുവിന്റെ കിടിലന്‍ ഷോട്ട് പോളണ്ട് ഗോളി വിരല്‍തുമ്പ് കൊണ്ട് തട്ടിയുയര്‍ത്തിയിരുന്നു. കളിയുടെ അവസാന സെക്കന്റുകളിലും കാനുവിന് അല്‍പം കൊണ്ട് ലക്ഷ്യം തെറ്റി.
തുടക്കത്തില്‍ സൗദിയുടെ ഹൈപ്രസിംഗ് ഗെയിമിനു മുന്നില്‍ പോളണ്ട് വിറച്ചു. മൂന്ന് മഞ്ഞക്കാര്‍ഡ് വഴങ്ങിയാണ് അവര്‍ സൗദി ആക്രമണം പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ ക്രമേണ പോളണ്ട് താളം വീണ്ടെടുത്തു. ഓപണ്‍ ഗെയിമില്‍ നിന്ന് പോളണ്ട് ലോകകപ്പില്‍ ഗോള്‍ നേടുന്നത് 20 വര്‍ഷത്തിനു ശേഷമാണ്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് സൗദിക്ക് വീഡിയൊ റിവ്യൂവിലൂടെ പെനാല്‍ട്ടി കിട്ടിയത്. എങ്കിലും പെനാല്‍ട്ടി സൗദി അര്‍ഹിച്ചിരുന്നുവോയെന്ന്് സംശയം ബാക്കി നിന്നു. സാലിം അല്‍ദോസരി കിക്ക് പാഴാക്കുകയും ചെയ്തു. ഗോളി വോയ്‌സിയേച് ചെചസ്‌നി വലത്തോട്ട് ചാടി തട്ടിത്തെറിപ്പിക്കുകയായിരുന്നു. റീബൗണ്ട് ഫിറാസ് അല്‍ബരീകാന്‍ തൊടുത്തുവിട്ടെങ്കിലും ഒഴിഞ്ഞവലക്കു മുകളില്‍ ക്രോസ്ബാറിനെ തൊട്ടുരുമ്മി പുറത്തുപോയി. ഈ ലോകകപ്പില്‍ പത്ത് പെനാല്‍ട്ടികളില്‍ മൂന്നാമത്തേതാണ് പാഴാവുന്നത്. അതിലൊന്ന് അമേരിക്കക്കെതിരെ പോളണ്ടിന്റെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടേതായിരുന്നു.
സൗദി ജയിച്ചാല്‍ പ്രി ക്വാര്‍ട്ടറിലെത്തുമായിരുന്നു. ആദ്യ കളിയില്‍ മെക്‌സിക്കോയോട് പോളണ്ട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. സൗദിക്ക് ഇനി നോക്കൗട്ട് ഉറപ്പാവാന്‍ മെക്‌സിക്കോക്കെതിരെ ജയം വേണം. രണ്ടു കളികളില്‍ പോളണ്ടിന് നാലും സൗദിക്ക് മൂന്നും പോയന്റാണ്. ഒരു കളിയില്‍ മെക്‌സിക്കോക്ക് ഒരു പോയന്റുണ്ട്. അര്‍ജന്റീനയാണ് പോയന്റില്ലാതെ അവസാന സ്ഥാനത്ത്.
പരിക്കേറ്റ ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍ഫറജും യാസിര്‍ അല്‍ശഹ്‌റാനിയുമില്ലാതെയാണ് സൗദി ഇറങ്ങിയത്. സാലിം അല്‍ദോസരി ക്യാപ്റ്റന്റെ ആം ബാന്റണിഞ്ഞു.