ലക്നൗ: ഉത്തര്‍പ്രദേശില്‍ കല്യാണവുമായി ബന്ധപ്പെട്ട ആഗ്രഹം നടന്നതിലുള്ള സന്തോഷത്തിലാണ് വധുവിന്റെ കുടുംബം.
കല്യാണ ഘോഷയാത്രയില്‍ വരന് കുതിരപ്പുറത്ത് വരണമെന്നതും കല്യാണ പാര്‍ട്ടിക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നതുമായിരുന്നു വധുവിന്റെ കുടുംബത്തിന്റെ ആഗ്രഹം. 14 സബ് ഇന്‍സ്പെക്ടര്‍മാര്‍, ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കം 60 പേരടങ്ങുന്ന പൊലീസ് സംഘമാണ് ദലിത് കല്യാണത്തിന് സംരക്ഷണം നല്‍കിയത്.
ബറേലിയിലെ സാമ്ബല്‍ ഗ്രാമത്തിലാണ് വ്യത്യസ്തമായ കല്യാണം നടന്നത്. ദലിത് കല്യാണത്തിന് മേല്ജാതിക്കാര് ചില നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടി ഉത്തര്‍പ്രദേശ് പൊലീസ് ദലിത് കല്യാണങ്ങള്‍ക്ക് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് സാമ്ബല്‍ ഗ്രാമത്തില്‍ നടന്ന വിവാഹത്തിന് സുരക്ഷ ഒരുക്കിയത്.
കല്യാണ ഘോഷയാത്രയില്‍ വരന് കുതിരപ്പുറത്ത് വരണമെന്നതായിരുന്നു വധുവിന്റെ വീട്ടുകാരുടെ ആഗ്രഹം. കൂടാതെ ഘോഷയാത്രയില്‍ ഡിജെ മ്യൂസിക്ക് വെയ്ക്കണമെന്ന മറ്റൊരു ആഗ്രഹവും ഉണ്ടായിരുന്നു. വധുവിന്റെ വീട്ടുകാരുടെ അപേക്ഷയെ തുടര്‍ന്നാണ് കല്യാണത്തിന് സുരക്ഷ ഒരുക്കിയത്. കല്യാണത്തിന് യാതൊരുവിധ തടസങ്ങളും ഇല്ലാതിരിക്കുന്നതിന് കനത്ത സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയത്. ഇതിന് പുറമേ വിവാഹ സമ്മാനമായി 11000 രൂപയും പൊലീസുകാര്‍ പങ്കിട്ടു കൊടുത്തു.
നവംബര്‍ 25ന് കല്യാണ ഘോഷയാത്രയ്ക്കിടെ, വരന് കുതിരപ്പുറത്ത് വരാനും ഡിജെ മ്യൂസിക്ക് വെയ്ക്കാനും മേല്ജാതിക്കാര് അനുവദിക്കില്ലെന്ന് കാണിച്ച് സംരക്ഷണം ആവശ്യപ്പെട്ടാണ് വധുവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചത്. കല്യാണത്തിന് സംരക്ഷണം നല്കിയ യുപി പൊലീസിനെ വധുവിന്റെ വീട്ടുകാര്‍ അഭിനന്ദിച്ചു.