കടലിലെ തിരമാലയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കണ്ടുപിടിത്തവുമായി മദ്രാസ് ഐഐടിയിലെ ഗവേഷകര്‍. തിരമാലയിലെ ഗതികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന ഓഷ്യന്‍ വേവ് എനര്‍ജി കണ്‍വെര്‍ട്ടറാണ് കണ്ടെത്തിയിരിക്കുന്നത്.
വിജയകരമായി പരീക്ഷിച്ച കണ്ടുപിടിത്തത്തിന് സിന്ധുജ-1 എന്നാണ് പേരിട്ടിരിക്കുന്നത്. മദ്രാസ് ഐഐടിയിലെ ഓഷ്യന്‍ എന്‍ജിനിയറിങ്ങ് വിഭാഗം അധ്യാപകന്‍ പ്രൊഫ. അബ്ദുസമദാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. തൂത്തുക്കുടി തീരത്ത് വെച്ച് നടത്തിയ പരീക്ഷണം രണ്ടുവര്‍ഷത്തിനിടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനാകുമെന്നാണ് കരുതുന്നത്.
7500കിലോമീറ്ററോളം കടല്‍തീരമുള്ള ഇന്ത്യയില്‍ ഇത്തരം പരീക്ഷണങ്ങള്‍ സാധ്യമാകുമെന്നാണ് അബ്ദുസമദിന്റെ വിലയിരുത്തല്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പേടകവും അതിനു നടുവിലൂടെ കടന്നുപോകുന്ന ദണ്ഡും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ജനറേറ്ററുമാണ് സിന്ധുജയിലെ പ്രധാനഭാഗങ്ങള്‍. ദണ്ഡ് കടലിന്റെ അടിത്തട്ടില്‍ ഉറപ്പിക്കും. തിരമാല കടന്നുപോകുന്നതിനനുസരിച്ച് പേടകം ഉയരുകയും താഴുകയും ചെയ്യും. ഈ ചലനത്തെ കറക്കമാക്കിമാറ്റിയാണ് ജനറേറ്ററില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
തൂത്തുക്കുടി തീരത്തുനിന്ന് ആറുകിലോമീറ്റര്‍ അകലെ 20 മീറ്റര്‍ ആഴമുള്ള ഭാഗത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ സിന്ധുജ പ്രവര്‍ത്തിപ്പിച്ചത്. സിന്ധുജയുടെ മാതൃകയില്‍ കൂടുതല്‍ശേഷിയുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതോടെ ഈ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുമെന്ന് ഗവേഷകര്‍ പറയുന്നു.