സ്പെയിനെ അട്ടിമറിച്ച് മൊറൊക്കോ ക്വാര്‍ട്ടറില്‍. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറില്‍ എത്തുന്നത്.
പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ആയിരുന്നു മൊറോക്കോയുടെ വിജയം. നിശ്ചിത സമയത്ത് കളി ഗോള്‍ രഹിതമായതോടെ കളി പെനാള്‍ട്ടിയില്‍ എത്തിയത്. ഷൂട്ടൗട്ടില്‍ 3-0നാണ് മൊറോക്കോ ജയിച്ചത്. മൂന്ന് പെനാള്‍ട്ടിയാണ് മൊറോക്ക് കീപ്പര്‍ ബുനോ സേവ് ചെയ്തത്.
ഇന്ന് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ സ്പെയിനിന്റെ ടിക്കി ടാക്ക് എല്ലാം മൊറോക്കോയുടെ മുന്നില്‍ തകരുന്നതാണ് ആദ്യ പകുതിയില്‍ കണ്ടത്. മൊറോക്കോയുടെ താരങ്ങള്‍ സ്പെയിനിന്റെ എല്ലാ നീക്കവും സമര്‍ത്ഥമായി തടയുകയും നല്ല അവസരങ്ങള്‍ എതിര് ഭാഗത്ത് സൃഷ്ടിക്കുകയും ചെയ്തു. ഹകീമിയും സിയെചും സ്പെയിന് ഡിഫന്‍സിന് നിരന്തരം വെല്ലുവിളിയായി.
26ആം മിനുട്ടില്‍ മൊറോക്കോ കീപ്പര്‍ ബോനോയുടെ ഒരു മിസ് പാസ് സ്പെയിന് അവസരം നല്കി. ഡാനി ഓല്‍മോ തൊടുത്ത ഷോട്ട് ഗോള്‍ കീപ്പറും പോസ്റ്റും കൂടിയാണ് തടഞ്ഞത്. അത് ഗോളായിരുന്നു എങ്കിലും കണക്കില്‍ വരില്ലായിരുന്നു. സൈഡ് ലൈന്‍ റഫറിയുടെ ഫ്ലാഗ് ഉയര്‍ന്നിരുന്നു.
33ആം മിനുട്ടില്‍ മസറോയിയുടെ ഒരു ലോങ് ഷോട്ട് സിമോണ്‍ തടഞ്ഞു. ആദ്യ പകുതിയില്‍ മൊറോക്കോ തന്നെ ആയിരുന്നു മെച്ചപ്പെട്ട ഫുട്ബോള്‍ കളിച്ചത്.
രണ്ടാം പകുതിയില്‍ 54ആം മിനുട്ടില്‍ ഡാനി ഓല്‍മോ ഒരു ഫ്രീകിക്കില്‍ നിന്ന് ബോനോയെ പരീക്ഷിച്ചു. സ്പെയിന്റെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ആയി ഇത്. സ്പെയിന് ആല്‍വാരോ മൊറാട്ടോയെയും നികോ വില്യംസിനെയും ഇറക്കി ഗോളടിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്പെയിന് നോക്കി. മൊറോക്കോയും നിരവധി മാറ്റങ്ങള്‍ വരുത്തി.
88ആം മിനുട്ടില്‍ നികോ വില്യംസിന് കിട്ടിയ മികച്ച ഒരു അവസരം സോഫിയാന്‍ അമ്രബെറ്റിന്റെ മികച്ച ബ്ലോക്കിലൂടെ ആണ് തടയപ്പെട്ടത്. ഇഞ്ച്വറി ടൈമിന്റെ അവസാന മിനുട്ടില്‍ സ്പെയിനിന്റെ ഒരു ഫ്രീകിക്ക് ബോനോയുടെ സേവില്‍ ആണ് രക്ഷപ്പെട്ടത്. അവസാനം കളി എക്സ്ട്രാ ടൈമില്‍ എത്തി.
എക്സ്ട്രാ ടൈമില്‍ അമ്രാബറ്റ് ഒരു പാസിലൂടെ സാബിരിയെ കണ്ടെത്തി. സാബിരി ഷോട്ട് തൊടുക്കിന്നതിന് തൊട്ടു മുമ്ബ് ഒരു ടാക്കിളിലൂടെ ലപോര്‍ടെ സ്പെയിനിനെ രക്ഷിച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ഉനായ് സിമന്റെ വലിയ സേവ് സ്പെയിനിനെ രക്ഷിച്ചു. ചെദിരയുടെ ഷോട്ട് പോയിന്റെ ബ്ലാങ്കില്‍ വെച്ചാണ് ഇനായ് സിമണ്‍ സേവ് ചെയ്ത് രക്ഷിച്ചത്.
എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം സരാബിയയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങുന്നതും കാണാന്‍ ആയി.
120 മിനുട്ട് കഴിഞ്ഞിട്ടും ഗോള്‍ വരാതെ ആയതോടെ കളി പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യ കിക്ക് എടുത്തത് മൊറോക്കോയുടെ സബീരി. ഉനായ് സിമണെ മറികടന്ന് വലയില്‍. സ്പെയിനു വേണ്ടി സരാബിയ ആണ് ആദ്യ കിക്ക് എടുത്തത്. സരാബിയയുടെ പെനാള്‍ട്ടിയും പോസ്റ്റില്‍ തട്ടി മടങ്ങി. മൊറോക്കോ 1-0 സ്പെയിന്. സിയെചും മൊറോക്കോയ്ക്ക് ആയി കിക്ക് വലയില്‍ എത്തിച്ചു. സോളര്‍ സ്പെയിന്റെ രണ്ടാം കിക്ക് ബൂണോ സേവ് ചെയ്തു. മൊറോക്കോ 2-0.
മൊറോക്കോയുടെ മൂന്നാം പെനാള്‍ട്ടി ഉനായ് സിമണ്‍ സേവ് ചെയ്തത് സ്പെയിന് പ്രതീക്ഷ തിരികെ നല്കി. ബുസ്കറ്റ്സിന്റെ കിക്കും ബുനോ സേവ് ചെയ്തു. ആ പ്രതീക്ഷ അസ്തമിച്ചു. സ്കോര്‍ 2-0 തന്നെ. ഹകീമിയുടെ കിക്ക് മൊറോക്കോയെ ക്വാര്‍ട്ടറിലേക്ക് എത്തിച്ചു.