ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സ്കീമുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വാഹന ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്ക് ഉയര്‍ന്ന കാലാവധി ലഭ്യമാക്കണമെന്ന നിര്‍ദേശവുമായി ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ).
മോട്ടോര്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്, ഓണ്‍ ഡാമേജ് ഇന്‍ഷ്വറന്‍സ് വര്‍ഷാവര്‍ഷം പുതുക്കുന്നതിന് പകരം കാറുകള്‍ക്ക് മൂന്നുവര്‍ഷവും ടൂവീലറിന് അഞ്ചുവര്‍ഷവും കാലാവധി നല്‍കാനാണ് നിര്‍ദേശം. ഇവയുടെ പ്രീമിയം ഇന്‍ഷ്വറന്‍സ് പോളിസി അനുവദിക്കുമ്ബോള്‍ ഒറ്റത്തവണയായി തന്നെ വാങ്ങണമെന്നും ഐ.ആര്‍.ഡി.എ.ഐ മുന്നോട്ടുവച്ച കരട് നിര്‍ദേശത്തിലുണ്ട്.
നിലവിലെ ക്ളെയിമുകളും ചട്ടങ്ങളും അനുസരിച്ചാകും ദീര്‍ഘകാല ഇന്‍ഷ്വറന്‍സ് പോളിസികളും അനുവദിക്കുക. നോ ക്ളെയിം ബോണസ് (എന്‍.സി.ബി) ആനുകൂല്യങ്ങള്‍ ദീര്‍ഘകാല ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്കും ബാധകമായിരിക്കും.
വാഹനം സഞ്ചരിക്കുന്ന ദൂരം (പേ ആസ് യു ഡ്രൈവ്), ഡ്രൈവിംഗ് രീതി (പേ ഹൗ യു ഡ്രൈവ്) എന്നിവ വിലയിരുത്തി പ്രീമിയംതുക നിശ്ചയിക്കാന്‍ നേരത്തേ ഇന്‍ഷ്വറന്‍സ് കമ്ബനികള്‍ക്ക് ഐ.ആര്‍.ഡി.എ.ഐ അനുമതി നല്‍കിയിരുന്നു. ഒന്നിലധികം വാഹനങ്ങള്‍ (കാര്‍, ടൂവീലര്‍) സ്വന്തമായി ഉള്ളവര്‍ വെവ്വേറെ പോളിസി എടുക്കുന്നതിന് പകരം ഒറ്റ ഇന്‍ഷ്വറന്‍സ് എടുക്കാവുന്ന ‘ഫ്ളോട്ടര്‍” ഇന്‍ഷ്വറന്‍സ് പോളിസിക്കും അനുമതി നല്‍കിയിട്ടുണ്ട്.