ബെയ്ജിംഗ് : ലോകത്തെ പല രാജ്യങ്ങളിലും കൊറോണ ഭീതി ഒഴിയുമ്ബോള്‍ ചൈനയെ മാത്രം പിടിവിടാതെ തുടരുകയാണ് മഹാമാരി.
ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഇന്നും പകുതിയിലധികം കടകള്‍ അടഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുമ്ബോള്‍. കര്‍ശനമായ കൊറോണ നിയന്ത്രണങ്ങള്‍ ഭരണകൂടം പിന്‍വലിച്ചതിന് പിന്നാലെയാണ് വീണ്ടും കേസുകള്‍ വര്‍ദ്ധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
വുഹാനിലെ ലാബില്‍ നിന്ന് കൊറോണ മഹാമാരി പടര്‍ന്നുപിടിച്ചത് മുതല്‍ പ്രതിരോധ കുത്തിവെയ്പ്പുകളോ മറ്റ് ചികിത്സകളോ നല്‍കാതെ ജനങ്ങളെ വീടുകളില്‍ അടച്ചിടുന്ന നയമാണ് ചൈന നടപ്പിലാക്കുന്നത്. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ അംഗീകരിച്ച ഫലപ്രദമായ വാക്സിനുകള്‍ കുത്തിവെയ്ക്കാതെ സ്വയം നിര്‍മ്മിച്ച വാക്സിനുകളാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നാണ് വിവരം. കേസുകള്‍ വര്‍ദ്ധിക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ആളുകളെ പൂര്‍ണമായും നിയന്ത്രിക്കുകയായിരുന്നു ഇവരുടെ രീതി.
മൂന്ന് വര്‍ഷമായി രാജ്യത്ത് ഇത് തുടര്‍ന്നുവരികയാണ്. സീറോ കൊറോണ നയം ഉള്‍പ്പെടെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. പക്ഷേ ഇതിലൂടെയൊന്നും കൊറോണ വ്യാപനം കുറയ്ക്കാനായില്ല.
ഇതോടെ ഭരണകൂടത്തിനെതിരെ ജനങ്ങളും തെരുവിലിറങ്ങി. ആളുകളെ അഴികള്‍ക്കുള്ളിലാക്കുന്ന ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെയാണ് ഇവര്‍ പ്രതിഷേധം നടത്തിയത്. മറ്റ് രാജ്യങ്ങളിലൊന്നും തന്നെ ഏര്‍പ്പെടുത്താത്ത കര്‍ശനമായ നിയന്ത്രണങ്ങള്‍ തങ്ങള്‍ക്കാവശ്യമില്ലെന്നും സുരക്ഷിതമായ ചികിത്സാ രീതികളാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത് എന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി കൊറോണ പ്രതിരോധം എന്ന പേരില്‍ ചൈന നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ കൊണ്ട് വൈറസിനെ ഇല്ലാതാക്കാന്‍ സാധിച്ചില്ലെന്ന് ജനങ്ങള്‍ തന്നെ തുറന്നടിച്ചു.
പ്രതിഷേധം കനത്തതോടെയാണ് ചൈനീസ് ഭരണകൂടം ഇത്തരം നിയന്ത്രണങ്ങള്‍ നിര്‍ത്തിലാക്കിയത്. പതിവ് പരിശോധനകള്‍ പോലും റദ്ദാക്കി.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഒരാഴ്ച പിന്നിടുമ്ബോഴേക്കും വീണ്ടും രാജ്യത്ത് രോഗവ്യാപനം രൂക്ഷമാവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. രോഗബാധയെ തുടര്‍ന്ന് ആളുകള്‍ ഇന്നും ക്വാറന്റൈനിലാണ്. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. ഫലപ്രദമല്ലാത്ത ചികിത്സാ രീതികളാണ് ഇതിന് കാരണമെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്.
ചൈനയില്‍ കൊറോണയുടെ മറ്റൊരു വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുമെന്നും ഒരാളില്‍ നിന്ന് 18 പേരിലേക്ക് വരെ ഇത് പകരാമെന്നും പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റായ സോങ് നാന്‍ഷാന്‍ പറഞ്ഞു. പ്രമുഖ നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് ഇന്ന് രോഗബാധിതരായിരിക്കുന്നത്. ശനിയാഴ്ച ബെയ്ജിംഗില്‍ 1,661 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെയ്ജിംഗിലെ കടകള്‍ക്ക് ഞായറാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാല്‍ കൊറോണ ഭീതി കാരണം ഞായറാഴ്ച അധികം പേരും വീടുകളില്‍ അടച്ചിരിക്കുകയായിരുന്നു. പ്രദേശത്ത് കുറച്ച് കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. ബെയ്ജിംഗിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ ചായോങ്ങിലെ മാളുകള്‍ വിജനമായിരുന്നു,സലൂണുകളും റെസ്റ്റോറന്റുകളും ചില്ലറ വ്യാപാരികളുടെ കടകളുമെല്ലാം അടച്ചിട്ട അവസ്ഥയാണ്.