മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് വേങ്ങേരിപറമ്പ് പ്രദേശങ്ങളിൽ ഒരു മാസത്തോളമായി അജ്ഞാത പ്രാണി ശല്യം.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിൻ്റെ കടിയേറ്റ് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടെതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ഒറ്റ നോട്ടത്തിൽ പശുക്കളിലും ആടുകളിലുമായി കണ്ട് വരാറുള്ള രക്തം കുടിക്കുന്ന ഒരു തരം ചെറിയ ഉണ്ണി പോലെ തോന്നുമെങ്കിലും ഇരുണ്ട നിറത്തിലായി ചിറകുകളും കാലുകളുമുള്ള ഈ അജ്ഞാത ജീവി മനുഷ്യ ശരീരത്തിൽ പറ്റിപിടിച്ചതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് അറിയാൻ കഴിയുന്നത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത് . ഇത് ശരീരത്തിൽ പറ്റിപിടിച്ച് നിൽക്കുന്ന ഭാഗങ്ങളിൽ ചൊറിച്ചിലും അസഹ്യമായ വേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് പലരും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായി ചികിത്സ തേടുകയുണ്ടായി. കുഞ്ഞുങ്ങളുടെ ചെവിയുടെ ഉൾഭാഗത്തായും, അതു പോലെ പലരുടെയും തലയിലും കൈകാലുകളിലുമടക്കം കടിച്ചതായി അനുഭവസ്ഥർ മീഡിയവിംങ്സുമായി പങ്ക് വെച്ചു.
എന്നാൽ ചികിത്സ തേടി ആശുപത്രികളിൽ പോയവവർക്ക് കൃത്യമായ ഒരു മറുപടി ഡോക്ടർമാരുടെ ഭാഗത്ത് നിന്നും കിട്ടുന്നില്ല , ചില ഡോക്ടർമാർ പറയുന്നത് ഇത് മൃഗങ്ങളിൽ നിന്നുമാണ് വരുന്നത് എന്ന്, എന്നാൽ മറ്റു ചില ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഇത് അപകടകാരിയായ വിഷാംശം ഉൾപ്പെടുന്ന ഒരു തരം വട്ടനാണന്നാണ് നിഗമനം. എന്നാൽ ഈ പരിസരങ്ങളിൽ വർഷങ്ങളായി പന്നികളുടെ ശല്യം അതിരൂക്ഷമായി നില നിൽക്കുന്ന ഒരു പ്രദേശം കൂടിയായത് കൊണ്ട് മൃഗങ്ങളിൽ കൂടി വരുന്നതാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എന്തായാലും ഇതിൻ്റെ ഉറവിടം കണ്ടെത്താനും, ആശങ്കകൾ അകറ്റാനും ആരോഗ്യ വകുപ്പിനെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും വിവരങ്ങൾ ധരിപ്പിക്കാനും, അവരുടെ ഭാഗത്ത് നിന്ന് വേണ്ട പരിഹാര മാർഗ്ഗങ്ങൾ തേടാനും തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ .