വിസ്മയ കേസ്: കിരണ്‍ കുമാറിന് വൻതിരിച്ചടി

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള കിരണ്‍കുമാറിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍്റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിന്‍്റെ ആവശ്യം.

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടിയില്‍ അപ്പീല്‍ നല്‍കിയത്. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പത്ത് വര്‍ഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്.

ഭര്‍ത്താവിന്‍റെ സ്വകാര്യ സ്വത്തല്ല ഭാര്യ

സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കാട്ടിയ ക്രൂരതയാണ് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിസ്മയ കേസ് വിധിന്യായത്തില്‍ കൊല്ലം ഒന്നാംക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്ത് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ വിവാഹ മാര്‍ക്കറ്റില്‍ വലിയ വില കിട്ടുന്നയാളാണെന്ന് സ്വയം കരുതി. ഇത് ഗൗരവമുള്ള കാര്യമാണ്. ഭര്‍ത്താവിന്‍റെ സ്വകാര്യ സ്വത്തല്ല ഭാര്യ. അവര്‍ക്കും അവരുടേതായ അന്തസ്സും വ്യക്തിത്വവുമുണ്ട്.

ഭാര്യയെ സംരക്ഷിക്കാന്‍ ശേഷിയുണ്ടായിട്ടും ദ്രോഹിക്കാനാണ് കിരണ്‍കുമാര്‍ തീരുമാനിച്ചത്. സ്ത്രീധനമെന്ന വിപത്ത് വിസ്മയയുടെ എല്ലാ ആഗ്രഹങ്ങളും തകര്‍ത്തു. വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും അമൂല്യ സുഗന്ധമാണ് അവരുടെ സല്‍പ്പേര്. ആത്മാഭിമാനം നഷ്ടമായാല്‍ ജീവശ്വാസംതന്നെയാണ് ഇല്ലാതാകുന്നത്. അത്രയും വിലയില്ലാത്തവളാണോയെന്ന് വിസ്മയ ചോദിച്ചത് കോടതി ചൂണ്ടിക്കാട്ടി. എത്രമാത്രം ദുരിതമാണ് വിസ്മയ അനുഭവിച്ചതെന്ന് ആ വാക്കുകളിലുണ്ടെന്നും ഇനി നല്ലൊരു ഭാവിയില്ലെന്ന തോന്നല്‍ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നെന്നും വിധിന്യായത്തില്‍ പറയുന്നു.

ഒരാണ്ട് ആകുംമുമ്ബേ വിധി

കൊല്ലം: മരണം സംഭവിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്ബേ വിചാരണ നടപടി പൂര്‍ത്തിയാക്കി വിധി പ്രസ്താവന ഉണ്ടായെന്നത് വിസ്മയ കേസിലെ അപൂര്‍വതയാണ്. നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ വിസ്മയ വി.നായരെ 2021 ജൂണ്‍ 21 നാണ് ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മകളെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ വീട്ടുകാര്‍ രംഗത്തെത്തി. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 10ന് കുറ്റപത്രം സമര്‍പ്പിച്ചു. ജനുവരി പത്തിന് വിചാരണ ആരംഭിച്ചു. കേസിന്‍റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കിരണ്‍കുമാറിനെ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടു. വിസ്മയ മരിച്ച ദിവസം രാത്രി പിടിയിലായി റിമാന്‍ഡിലായ കിരണ്‍കുമാറിന് വിചാരണ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സുപ്രീംകോടതി ഒരുമാസം മുമ്ബ് ജാമ്യം അനുവദിച്ചിരുന്നു. പ്രോസിക്യൂഷന്‍ വിസ്തരിച്ച 42 സാക്ഷികളില്‍നിന്നും 120 രേഖകളില്‍നിന്നും 12 മുതലുകളില്‍നിന്നും കുറ്റകൃത്യങ്ങള്‍ പൂര്‍ണമായി തെളിഞ്ഞതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ വാദിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വിവാഹ മാര്‍ക്കറ്റില്‍ താനൊരു വിലകൂടിയ ഉല്‍പന്നമാണെന്ന് കരുതുകയും സ്ത്രീധന സമ്ബ്രദായം ശരിയാണെന്ന് കരുതുകയും ചെയ്യുന്നത് കേസിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നതായാണ് പ്രോസിക്യൂഷന്‍റെ പ്രധാന ആരോപണം. കിരണ്‍, വിസ്മയയുടെ മാതാവ്, വിസ്മയയുടെ ബാല്യകാല സുഹൃത്ത് എന്നിവരുടെ ഫോണുകളില്‍നിന്ന് വീണ്ടെടുത്ത റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങളും കേസില്‍ തെളിവായി.

spot_img

Related Articles

Latest news