കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും ടാക്സി ഡ്രൈവര്‍മാര്‍ക്ക് ശനിദശ

സ്കത്ത്: കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികം സര്‍വരെയും പ്രതിസന്ധിയിലാഴ്ത്തിയ കോവിഡ് മഹാമാരിയില്‍നിന്ന് ഒമാന്‍ മുക്തമായി വരുകയാണെങ്കിലും ടാക്സി ഡ്രൈവര്‍മാര്‍ ഇനിയും കരകയറിയിട്ടില്ല.

യാത്രക്കാര്‍ കുറഞ്ഞതടക്കമുള്ള നിരവധി കാരണങ്ങളാല്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇപ്പോഴും പ്രതിസന്ധി നേരിടുകയാണ്. കോവിഡ് തുടങ്ങിയത് മുതല്‍ കൂടുതല്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നത് ടാക്സി ഡ്രൈവര്‍മാരാണ്. നീണ്ടകാലം ഇവര്‍ക്ക് റോഡിലിറങ്ങാന്‍തന്നെ കഴിഞ്ഞിരുന്നില്ല.

പ്രതിസന്ധിക്ക് അയവ് വന്ന് ടാക്സികള്‍ റോഡില്‍ ഇറങ്ങാന്‍ തുടങ്ങിയെങ്കിലും യാത്രക്കാര്‍ ടാക്സികളില്‍ കയറാന്‍ മടിക്കുകയാണ്. കോവിഡിന് മുമ്ബുള്ളതിന്റെ പകുതി പോലും വരുമാനം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ പലരും ടാക്സി ഉപേക്ഷിച്ച്‌ മറ്റു ജോലികളിലേക്ക് നീങ്ങിക്കഴിഞ്ഞു. ചിലര്‍ ഉബര്‍പോലുള്ള ഓണ്‍ലൈന്‍ ടാക്സികളിലേക്കും നീങ്ങി. എന്നാലും ഈ മേഖലയില്‍ തുടരുന്നവരും നിരവധിയാണ്.

ടാക്സികളില്‍ യാത്രക്കാര്‍ നിറയുന്നതിന് നീണ്ടസമയം കാത്തിരിക്കേണ്ടി വരുന്നതും നിരക്കിന്റെ കാര്യത്തില്‍ പലപ്പോഴും വിലപേശേണ്ടി വരുന്നതും യാത്രക്കാര്‍ കുറയാന്‍ പ്രധാന കാരണമാണ്. ഒരു കാലത്ത് ഒമാന്റെ പ്രധാന നഗരമായിരുന്ന റൂവിയിലേക്ക് പല ഭാഗത്തുനിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വിദേശികള്‍ വരാറുണ്ടായിരുന്നു. എന്നാല്‍, വിവിധ ഭാഗങ്ങളില്‍ നഗരങ്ങള്‍ വികസിക്കാന്‍ തുടങ്ങിയതോടെ പൊതുജനം റൂവിയില്‍ വരുന്നത് കുറഞ്ഞതും ടാക്സികള്‍ക്ക് പ്രതിസന്ധിയായി.

മെയില്‍ റോഡിന്റെ പാല ഭാഗങ്ങളിലും യാത്രക്കാര്‍ ടാക്സിക്കായി കാത്തിരിക്കുന്നതും കുറഞ്ഞിട്ടുണ്ട്. ടാക്സിക്കാരുടെ പ്രധാന റൂട്ടായിരുന്നു റുവി-സീബ് റൂട്ട്. ഈ റൂട്ടില്‍ ഇപ്പോള്‍ സ്ഥിരമായി മുവാസലാത്തിന്റെ ബസ് സര്‍വിസുണ്ട്. ബസ് യാത്രക്ക് കൂടുതല്‍ സൗകര്യകരവും നിരക്ക് കുറവും ആയതിനാല്‍ യാത്രക്കാര്‍ ഇപ്പോള്‍ കൂടുതലും ബസിനെയാണ് ആശ്രയിക്കുന്നത്. അതോടൊപ്പം ഒമാനില്‍ സിറ്റി ബസ് സര്‍വിസുകള്‍ വര്‍ധിക്കുന്നതും ടാക്സികള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. എന്നാല്‍, മുവാസലാത്ത് ബസുകള്‍ നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുന്നതെന്നും ടാക്സികള്‍ യാത്രക്കാരന് ആവശ്യമായ ഇടങ്ങളിലെല്ലാം നിര്‍ത്താറുണ്ടെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ഇത് യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹവുമാണ്.

എന്നിരുന്നാലും പൊതുജനങ്ങള്‍ ബസുകളെ തന്നെയാണ് ആശ്രയിക്കുന്നത്. കോവിഡിന് ശേഷം യാത്രക്കാരുടെ പകുതിയായി കുറഞ്ഞതും ജീവിതചെലവ് വര്‍ധിക്കുന്നതും ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാണ്. ഇത് ഒഴിവാക്കാന്‍ രാത്രിയിലും മറ്റും സര്‍വിസ് നടത്തിയാണ് പലരും പിടിച്ചുനില്‍ക്കുന്നത്.

spot_img

Related Articles

Latest news