കാസര്‍ക്കോട് : കേരളത്തെ ഞെട്ടിച്ച പെരിയ സുബൈദ വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. കേസിലെ ഒന്നാം പ്രതി മധുര്‍ പട്ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദറി (28)നെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
തടവ് കൂടാതെ 50,000 രൂപ പിഴയും അടക്കണം. കേസില്‍ അബ്ദുല്‍ ഖാദര്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അതേസമയം, കേസിലെ മൂന്നാം പ്രതി അര്‍ഷാദിനെ തെളിവില്ലെന്ന് കണ്ട് കാസര്‍കോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചു. വീട്ടില്‍ അതിക്രമിച്ചു കയറല്‍ കൊലപാതകം, മോഷണം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചതായി കോടതി കണ്ടെത്തി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.
2017 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിയ ആയമ്പാറ ചെക്കിപ്പള്ളം സ്വദേശി സുബൈദ (60) യെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെക്കിപള്ളത്തെ വീട്ടില്‍ തനിച്ച് താമസിക്കുന്ന സുബൈദയെ വാടക വീട് അന്വേഷിക്കാനെന്ന വ്യാജേന എത്തിയ പ്രതികള്‍ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. കേസിലെ രണ്ടാംപ്രതിയായ കര്‍ണാടക സ്വദേശി അസീസ് ഇപ്പോഴും ഒളിവിലാണ്. ക്ലോറോഫോം ഉപയോഗിച്ച് ബോധം കെടുത്തിയ ശേഷമാണ് സുബൈദയെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി അബ്ദുള്‍ ഖാദര്‍ സുബൈദയുടെ വീടിന് സമീപത്തുള്ള ഒരു വാടക മുറിയില്‍ കുറച്ചു മാസം താമസിച്ചിരുന്നു. സുബൈദ സ്ഥിരമായി ആഭരണങ്ങള്‍ ധരിക്കുന്ന വിവരവും ഒറ്റക്കാണ് താമസിക്കുന്നതെന്ന കാര്യവും ഇയാള്‍ക്ക് അറിയാമായിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ തന്നെ മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം