ദോഹ: അര്‍ജന്റീന – ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ കാണാനായി നടന്‍ മോഹന്‍ലാലും ഖത്തറില്‍. ഫൈനല്‍ കാണാന്‍ പോകുന്നതിന്റെ ആകാംക്ഷയിലാണെന്നും ആരു ജയിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും നടന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“ഖത്തര്‍ വളരെ മനോഹരമായാണ് ലോകകപ്പ് സംഘടിപ്പിച്ചത്. നിരവധി മലയാളികള്‍ ഇത്തവണ ഫൈനല്‍ കാണാനുണ്ട്. ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. വലിയൊരു ഇവന്റ് ആണിത്. മുമ്ബും ഇതിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട്. ഇത്തവണ ലോകകപ്പ് കാണാന്‍ ഏറെ ദൂരം സഞ്ചരിച്ചാണ് ഇവിടെയെത്തിയത്. മൊറോക്കയില്‍ നിന്നാണ് ദോഹയിലേക്ക് വന്നത്. ഫൈനല്‍ കണ്ടതിന് ശേഷം തിരിച്ചുപോകും. ഇപ്പോള്‍ വലിയ ആകാംക്ഷയിലാണ്. ആരാണ് ജയിക്കുക എന്നൊന്നും പ്രവചിക്കാന്‍ സാധ്യമല്ല. ഇതൊരു ഗെയിമാണ്. പല ഇതിഹാസ താരങ്ങളുടെയും അവസാന ലോകകപ്പ് ആണെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ ഫുട്‌ബോള്‍ നിലനില്‍ക്കുന്ന കാലത്തോളം മെസിയും റൊണാള്‍ഡോയുമെല്ലാം ജനങ്ങളുടെ ഹൃദയങ്ങളില്‍ ഉണ്ടാകും. ഇന്നത്തെ മത്സരത്തില്‍ ആരുടെയും പക്ഷം പിടിക്കുന്നില്ല. അവസാന 50 സെക്കന്‍ഡില്‍ പോലും എന്തും സംഭവിക്കാം. അത്രയും സസ്‌പെന്‍സ് നിറഞ്ഞ ഒരു ഗെയിം കാണുന്ന ത്രില്ലിലാണ്. ” മോഹന്‍ലാല്‍ പറഞ്ഞു.
ഇന്ത്യന്‍ സമയം രാത്രി 8.30ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്. കിരീട നേട്ടത്തിനായി മുന്‍ ചാമ്ബ്യന്‍മാരായ അര്‍ജന്റീനയും നിലവിലെ ജേതാക്കളായ ഫ്രാന്‍സും ഫൈനലില്‍ ഏറ്റുമുട്ടും. 80,000ത്തിലധികം പേര്‍ക്ക് കളി കാണാനുള്ള അവസരം ലുസൈല്‍ സ്റ്റേഡിയത്തിലുണ്ടാകും. കലാശപ്പോരിന് നേര്‍സാക്ഷിയാകാന്‍ ഏകദേശം അരലക്ഷത്തോളം ആളുകള്‍ എത്തുമെന്നാണ് കണക്ക്.