ന്യൂഡല്‍ഹി: ഏതു സംസ്ഥാനത്തുനിന്നുള്ളയാള്‍ എന്നതു പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരേപോലെ ചികിത്സ നല്‍കാന്‍ ഡല്‍ഹിയിലെ ലോക്‌നായക് ആശുപത്രിക്ക് ഹൈക്കോടതി നിര്‍ദേശം.
രോഗിയുടെ അവസ്ഥയല്ലാതെ മറ്റു പരിഗണനകള്‍ ചികിത്സയ്ക്കു പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
അടിയന്തര ശസ്ത്രക്രിയ വേണ്ട ബിഹാര്‍ സ്വദേശിക്ക് ഈ മാസം 26ന് എംആര്‍ഐ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. അടുത്ത വര്‍ഷം ജൂലൈയിലാണ് ആശുപത്രി ഈ രോഗിയുടെ പരിശോധന നിശ്ചയിച്ചിരുന്നത്.
ബിഹാര്‍ സ്വദേശിയായതു കൊണ്ട് പരിശോധന നീട്ടിക്കൊണ്ടുപോവുകയാണെന്ന്, ഗുലാം മഹബൂബ് എന്ന രോഗിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അശോക് അഗര്‍വാള്‍ പറഞ്ഞു. വോട്ടര്‍ ഐഡി പരിശോധിച്ച് ഡല്‍ഹി സ്വദേശിയാണെന്ന് ഉറപ്പുവരുത്തിയാണ് ചികിത്സയുടെ മുന്‍ഗണന നിശ്ചയിക്കുന്നത്. ഇതാണ് ആശുപത്രിയില്‍ തുടരുന്ന രീതിയാണ് അഭിഭാഷകന്‍ പറഞ്ഞു.
എംആര്‍ഐക്കു വേണ്ടി രണ്ടു വര്‍ഷം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് ഗുലാം മഹബൂബ് പറഞ്ഞു. അല്ലാത്തപക്ഷം സ്വകാര്യ കേന്ദ്രത്തില്‍ പോയി പരിശോധന നടത്താനാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും ഗുലാം ആരോപിച്ചു.
രോഗി ഡല്‍ഹി സ്വദേശിയായിരിക്കണം എന്ന നയമില്ലെന്ന് ആശുപത്രിയുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് രോഗാവസ്ഥ മാത്രം പരിഗണിച്ചു ചികിത്സ നിശ്ചയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.