യൂനിഫോം ടീ ഷര്‍ട്ടും ചുമലില്‍ ചതുരപ്പെട്ടി ബാഗും തൂക്കി അവരുടെ പാച്ചില്‍ വലിയ സ്വപ്നങ്ങളുടെ ഭാരവും പേറിയാണ്. ഇവരില്‍ ജീവിതോപാധിയായി ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറിയെ സ്വീകരിച്ചവരുണ്ട്. സ്വപ്നങ്ങളിലേക്കുള്ള വഴിതെളിക്കാന്‍ ജോലിയെ ഒപ്പം കൂട്ടിയവരും നിരവധി.
വിവിധ കോഴ്സുകള്‍ പഠിക്കുന്നവര്‍, മറ്റ് ജോലിക്കൊപ്പം പാര്‍ട്ട് ടൈമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വിസിന് ഇറങ്ങിയവര്‍… അങ്ങനെയൊക്കെ നമുക്ക് അവരെ എറണാകുളത്ത് കണ്ടുമുട്ടാം. തൊഴിലെടുത്ത് പഠനം നടത്തുകയെന്ന ആശയം ശക്തിപ്രാപിക്കുമ്ബോള്‍, ഏറ്റവുമധികം യുവജനങ്ങള്‍ സ്വീകരിക്കുന്ന ജോലി ഇതായി മാറി. ഭക്ഷണം കൈയില്‍ വെച്ചുള്ള ഓട്ടപ്പാച്ചിലിനിടെ അവര്‍ സംസാരിക്കുന്നു…
പഠനച്ചെലവുകള്‍ പുലരുമോ ഈ ജോലിയില്‍?
സൗരവ്: കോഴ്സിന്റെ തുടക്കത്തില്‍തന്നെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്ബനിയിലും ജോലിക്ക് കയറി. നല്ല അനുഭവമാണ് ജോലിയിലൂടെ ലഭിക്കുന്നത്. കോഴ്സ് പഠിക്കാനുള്ള തുക മുഴുവനായി കണ്ടെത്താനൊന്നും കഴിയില്ല. എന്നിരുന്നാലും ഇവിടത്തെ താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ ഇതിലൂടെ നടത്താനാകും. രാവിലെ 11 വരെയാണ് ക്ലാസ്. ബാക്കിസമയത്ത് എന്ത് ജോലി കിട്ടിയാലും ചെയ്യാന്‍ തയാറാണ്.
അപ്പോള്‍ കൂടുതല്‍ സൗകര്യപ്രദമായ ജോലിയെന്ന നിലയില്‍ ഇത് സ്വീകരിച്ചു. ഡെലിവറി ചെയ്യുന്നതിന് അനുസരിച്ചാണ് പണം ലഭിക്കുക. ഡെലിവറി ചാര്‍ജ് ഇനത്തില്‍ ഒരാഴ്ചക്കുള്ളില്‍ 4000 രൂപ സമ്ബാദിക്കാനായാല് 1400 രൂപ ഇന്‍സെന്റിവ് കൂടി ലഭിക്കും. അമ്മയും അച്ഛനും സഹോദരനുമടങ്ങുന്നതാണ് കുടുംബം. തന്നോടൊപ്പം കോഴ്സിന് പഠിക്കുന്ന ഏഴുപേര്‍ ഒപ്പംതാമസിക്കുന്നുണ്ട്. അവരൊക്കെ ഇതേ ജോലിയില്‍തന്നെ.