ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജി.ഡി.പി) രാജ്യത്തെ യൂട്യൂബര്‍മാര്‍ സംഭാവന ചെയ്‌തത് 10,000 കോടി രൂപ.
ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2021ല്‍ മാത്രം ജി.ഡി.പിയിലേക്ക് 10,000 കോടിയിലധികം രൂപയാണ് യൂട്യൂബിന്റെ ക്രിയേറ്റീവ് എകോസിസ്റ്റത്തിലൂടെ ലഭിച്ചതത്രേ. കൂടാതെ രാജ്യ വ്യാപകമായി 750,000-ലധികം മുഴുവന്‍ സമയ ജോലികള്‍ക്ക് തത്തുല്യമായവ സൃഷ്ടിക്കാനും യൂട്യൂബിന് കഴിഞ്ഞതായി ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്ബനി പറയുന്നു.
ഇന്ത്യയില്‍ 10 ലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുള്ള 4500ല്‍ അധികം യൂട്യൂബ് ചാനലുകളുള്ളതായാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ കണക്കുകള്‍. ഒരു ലക്ഷമോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനം നേടുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 30 ബില്യണിലധികം ആളുകളാണ് ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ യൂട്യൂബിലൂടെ കണ്ടത്. യാത്ര, ഭക്ഷണം, ഗെയിമിങ്, സംഗീതം എന്നീ വിഭാഗങ്ങളിലുള്ള ഉള്ളടക്കങ്ങള്‍ക്കും ഏറെ കാഴ്ചക്കാരുണ്ട്. ഗെയിമിങ് വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന ക്രിയേറ്റര്‍മാര്‍ വലിയ രീതിയില്‍ പണമുണ്ടാക്കിയ വര്‍ഷം കുടിയാണ് 2021.
യൂട്യൂബിന്റെ സ്വാധീനം വിശകലനം ചെയ്യുന്നതിനായി 2021-ല്‍ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഉപയോക്താക്കളെയും ഉള്ളടക്ക സൃഷ്ടാക്കളെയും അടിസ്ഥാനമാക്കി സര്‍വേ നടത്തിയിരുന്നു. പലരും യൂട്യൂബിനെ വിവര ശേഖരണത്തിനായുള്ള ഉപാധിയായി ഉപയോഗിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. ഗൂഗിളിന് പകരം യൂട്യൂബിനെ ആശ്രയിക്കുന്നവര്‍ ഒരുപാട് വര്‍ധിച്ചു. കരിയര്‍ സംബന്ധമായ സൃഷ്ടികള്‍ക്കും കാഴ്ച്ചക്കാര്‍ ഏറെയാണ്. യൂട്യൂബിന്റെ സഹായത്തോടെ കുട്ടികളുടെ പഠനം കൂടുതല്‍ രസകരമാകുന്നുണ്ടെന്ന് അമ്മമാര്‍ പ്രതികരിച്ചതായും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
യൂട്യൂബ് വഴി യൂട്യൂബര്‍മാര്‍ മാത്രമല്ല വരുമാനമുണ്ടാക്കുന്നത്. വിഡിയോ എഡിറ്റര്‍മാരും ഗ്രാഫിക് ഡിസൈനര്‍മാരും പ്രോഗ്രാം പ്രൊഡ്യൂസര്‍മാരും ശബ്ദ – ചിത്ര സംയോജകരുമെല്ലാം ഗൂഗിളിന്റെ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോം വഴി പണമുണ്ടാക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ യൂട്യൂബിനെ കൂടുതല്‍ ജനകീയമാക്കുന്ന പദ്ധതികള്‍ കൊണ്ടുവരുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.