ലാഗോസ്: നൈജീരിയയില്‍ ജനക്കൂട്ടം കല്ലെറിഞ്ഞും തീകൊളുത്തിയും കൊന്ന കോളജ് വിദ്യാര്‍ഥിനിയെ ന്യായീകരിക്കുന്ന സന്ദേശം വാട്സാപ്പില്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ ക്രൈസ്തവ വീട്ടമ്മ റോഡ ജതാവുവിനെതിരേ വധശിക്ഷ ലഭിക്കാവുന്ന മതനിന്ദാക്കുറ്റം ചുമത്തി.
ശരിയത്ത് നിലവിലുള്ള ബൗച്ചി സംസ്ഥാനത്തെ ഹൈക്കോടതിയിലാണ് അഞ്ചു കുട്ടികളുടെ അമ്മയായ റോഡയെ വിചാരണ ചെയ്യുന്നത്. കലാപത്തിനു പ്രേരണ നല്‍കുക എന്നതടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നന്നായി പരീക്ഷയെഴുതാന്‍ യേശു സഹായിച്ചു എന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കൈസ്ത്രവ വിദ്യാര്‍ഥിനി ദബോറ ഇമ്മാനുവലിനെ മേയ് 12നാണ് മുസ്ലിം ജനക്കൂട്ടം വധിച്ചത്. ദബോറയെ ന്യായീകരിക്കുന്ന ഒരു പോസ്റ്റ് ഘാനയില്നിന്നാണ് റോഡയ്ക്കു ലഭിക്കുന്നത്. നാല്‍പ്പത്തഞ്ചുകാരിയായ റോഡ ഇത് അവര്‍ ജോലി ചെയ്തിരുന്ന പ്രൈമറി ഹെല്‍ത്ത് കെയര്‍ ബോര്‍ഡിലെ സഹപ്രവര്‍ത്തകര്‍ക്കു ഫോര്‍വേഡ് ചെയ്തു.
ഇതിനെത്തുടര്‍ന്ന് റോഡ മതനിന്ദ നടത്തിയെന്നും അവരെ വധിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ടായി. ജനക്കൂട്ടം നടത്തിയ കലാപത്തില്‍ 15 ക്രൈസ്തവര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി. മേയ് 20നാണ് റോഡ അറസ്റ്റിലാവുന്നത്. റോഡയുടെ വിചാരണ ജനുവരി 16ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.