സൗദിയില്‍ തൊഴിലുടമയ്ക്ക് കീഴിലല്ലാതെ ജോലി ചെയ്താല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ വിദേശ തൊഴിലാളികളെ അനുവദിക്കുന്ന സ്പോണ്‍സര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
വിദേശ തൊഴിലാളികള്‍ സ്പോണ്‍സര്‍ക്ക് കീഴില്‍ മാത്രമേ ജോലി ചെയ്യാന്‍ സാധിക്കൂ എന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനോ സ്വന്തമായി ജോലി ചെയ്യാനോ വിദേശ തൊഴിലാളികളെ അനുവദിച്ചാല്‍ സ്പോണ്‍സര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഒരു ലക്ഷം റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവുമാണ് ഇതിന് ശിക്ഷ ലഭിക്കുന്നത് .
കൂടാതെ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അഞ്ചുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സ്വന്തം സ്പോണ്‍സര്‍ക്ക് കീഴില്‍ അല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കെതിരെയും നടപടി സ്വീകരിക്കും. പിഴയും തടവും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷയാണ് ഇവര്‍ക്ക് നേരിടേണ്ടി വരിക. താമസ തൊഴില്‍ നിയമന ലംഘനമോ അതിര്‍ത്തി സുരക്ഷാ നിയമന ലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.