മാത്തൂര്‍ (പാലക്കാട്): സിക്കിമില്‍ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച ജവാന്‍ മാത്തൂര്‍ ചെങ്ങണിയൂര്‍കാവ് പുത്തന്‍വീട്ടില്‍ വൈശാഖ് അവധിക്ക് നാട്ടില്‍ വന്നത് മൂന്നു മാസം മുമ്ബാണ്.
ഏക മകന്‍ തന്‍വിന്റെ ഒന്നാം പിറന്നാളാഘോഷിക്കാനാണ് ഓണാവധിക്ക് നാട്ടില്‍ വന്നത്. ആഘോഷാരവങ്ങളോടെ, രണ്ടാഴ്ചയോളം വീട്ടില്‍ താമസിച്ചാണ് തിരിച്ചുപോയത്. 15 മാസം മാത്രം പ്രായമായ തന്‍വിന് ഓര്‍മവക്കും മുമ്ബെ അച്ഛന്‍ അകന്ന ദുഃഖഭാരത്താല്‍ വിതുമ്ബുകയാണ് ഭാര്യ ഗീത.
വ്യാഴാഴ്ച രാവിലെ പതിവുപോലെ വൈശാഖ് അച്ഛനെ വിളിച്ചിരുന്നു. ട്രക്കില്‍ ഉത്തര സിക്കിമിലെ സെമയിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. മകന്റെ കളിചിരികളിലേക്ക് തിരിച്ചുവരാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കവേയാണ് വൈശാഖിനെ മരണം തട്ടിയെടുത്തത്. മാത്തൂരില്‍
തയ്യല്‍ തൊഴിലാളിയായ സഹദേവന്റേയും കര്‍ഷകത്തൊഴിലാളിയായ വിജയകുമാരിയുടേയും മകനാണ് വൈശാഖ്. തങ്ങളുടെ പ്രിയങ്കരനായ വൈശാഖിന്റെ ദാരുണാന്ത്യത്തില്‍ വീട്ടുകാരോടൊപ്പം നാടും തേങ്ങുകയാണ്.
കുത്തനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പഠനം കഴിഞ്ഞ് പത്തൊമ്ബതാം വയസ്സിലാണ് കരസേനയില്‍ ചേര്‍ന്നത്. എട്ട് വര്‍ഷത്തോളമായി കരസേനയില്‍ സേവനമനുഷ്ഠിക്കുന്ന വൈശാഖ് നിലവില്‍ സിക്കിമിലെ 221 ഫീല്‍ഡ് റജിമെന്റ് ആര്‍ട്ടിലറിയില്‍ നായിക് പദവിയിലാണുള്ളത്. നേരത്തെ പഞ്ചാബിലായിരുന്നപ്പോള്‍ അവിടേക്ക് കുടുംബത്തേയും കൊണ്ടുപോയിരുന്നു. പഞ്ചാബില്‍വെച്ചാണ് മകന്‍ ജനിച്ചത്. സിക്കിമിലേക്ക് സ്ഥലംമാറ്റമായതോടെ ഭാര്യയെയും കുഞ്ഞിനേയും നാട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു.
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സിക്കിമിലെ സൈനിക ഓഫിസര്‍ ലഫ്. കേണല്‍ ചന്ദനുമായി ഫോണില്‍ സംസാരിച്ചതായി ഷാഫി പറമ്ബില്‍ എം.എല്‍.എ പറഞ്ഞു. വൈശാഖിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മിലിറ്ററി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ ഗാംഗ്ടോകിലേക്ക് കൊണ്ടുവരും. മറ്റന്നാള്‍ മൃതദേഹം കോയമ്ബത്തൂരിലേക്ക് കൊണ്ടുവരുമെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരമെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.