റബര്‍ വില കുറഞ്ഞു കൊണ്ടിരിക്കുന്നു; ക്രിസ്മസും പുതുവത്സരവും കര്‍ഷകര്‍ക്കു കണ്ണീര്‍ക്കാലം

കൊച്ചി: റബര്‍ ഉത്പാദകരെ കണ്ണീരിലാക്കി വില തുടര്‍ച്ചയായി കുറയുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിളക്കം പകരാനുള്ള റബര്‍ കര്‍ഷകരുടെ മോഹങ്ങള്‍ക്ക് ഇതിനിടയില്‍ കനത്ത തിരിച്ചടിയായി വിപണിയിലെ പുതിയ സംഭവവികാസങ്ങള്‍.
മുഖ്യ ഉത്പാദക രാജ്യങ്ങളില്‍ റബറിനും അനുബന്ധ ഉല്പന്നങ്ങളുടെ വിലവീണ്ടും കുറഞ്ഞു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 137 രൂപയിലെത്തി. വ്യവസായികള്‍ നിരക്ക് തുടര്‍ച്ചയായി ഇടിച്ചതിനാല്‍ കൈവശമുള്ള ചരക്ക് വില്പനയക്കിറക്കാന്‍ ചെറുകിട കര്‍ഷകരും താത്പര്യം കാണിക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നു.

രാജ്യാന്തര റബര്‍ വിപണിയില്‍നിന്നും സുഖകരമായ സൂചനകളല്ല പുറത്തുവരുന്നത്. നിയന്ത്രണങ്ങള്‍ക്ക് ചൈന അയവ് വരുത്തിയതിന് പിന്നാലെ കോവിഡ് വീണ്ടും രൂക്ഷമായതോടെ ചൈനീസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കുശേഷം മാത്രമേ വ്യവസായികളുടെ ശ്രദ്ധ കയറ്റുമതിരാജ്യങ്ങളിലേയ്ക്ക് തിരിയൂ. ജനുവരി 22 നാണ് ചൈനീസ് പുതുവത്സരം.

ചൈനയില്‍ ഡിമാന്‍ഡ് വീണ്ടും ഉയരുമെന്ന പ്രതീക്ഷയില്‍, റബര്‍ അവധി നിരക്കുകള്‍ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കായ കിലോ 137 യുഎസ് സെന്‍റിന് വരെ കയറി. ഈ ഘട്ടത്തിലാണ് കോവിഡ് മൂലം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ആശങ്ക പുറത്തുവരുന്നത്. ഇതോടെ വില 126 ലേയ്ക്ക് വെള്ളിയാഴ്ച ഇടിഞ്ഞു.

ചൈനയിലെ ചെങ്ഡുവിലുള്ള വോക്സ്‌വാഗന്‍റെയും എഫ്‌എഡബ്ല്യൂവിന്‍റെയും പ്ലാന്‍റുകള്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തുറന്നു. പല കാര്‍ നിര്‍മാതാക്കളുടെയും പ്ലാന്‍റ്റുകളും ഉല്പാദനം പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ഒരു വശത്ത് നടക്കുന്നു. ഇതിനിടയില്‍ മഴ മൂലം വിവിധ രാജ്യങ്ങളില്‍ റബര്‍ ഉല്‍പ്പാദനം ചുരുങ്ങിയെങ്കിലും തല്ക്കാലം ഇത് വിലഉയരാന്‍ കാരണമാകില്ല.

ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില കിലോ 135 രൂപയിലാണ്. ആ നിരക്കില്‍ റബര്‍ ശേഖരിച്ച്‌ ഇവിടെ ഇറക്കുമതി നടത്തുന്പോഴുള്ള ഉയര്‍ന്ന ചെലവുകള്‍ വ്യവസായികളെ ഇറക്കുമതിയില്‍ നിന്നു പിന്‍തിരിപ്പിക്കും. ഒരു വന്‍കിട ടയര്‍ കന്പനി സംസ്ഥാനത്ത് നിന്ന് 137-140 രൂപ റേഞ്ചില്‍ കിട്ടുന്ന ചരക്ക് വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ ഉത്സാഹിക്കുന്നുണ്ട്. എന്നാല്‍ മറ്റ് പല കന്പനികളും ചരക്ക് സംഭരണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ താല്പര്യം കാണിച്ചില്ല.
റബര്‍ വില അപ്രതീക്ഷിതമായി ഇടിഞ്ഞതിനാല്‍ ഒരു വിഭാഗം കര്‍ഷകര്‍ ചരക്ക് വിറ്റഴിച്ചു. കൂലി ചെലവുകള്‍ താങ്ങാനാവാത്തതാണ് ചരക്ക് വിലപനക്കെത്തിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയത്. വിലത്തകര്‍ച്ച മൂലം ഉത്പാദകര്‍ വെട്ടിന് താല്‍പര്യം കാണിക്കാതെ തോട്ടങ്ങളില്‍ നിന്നും അല്പം അകന്നിട്ടുണ്ട്. ഇനി ക്രിസ്മസും പുതുവത്സരാഘോഷങ്ങളും കഴിഞ്ഞ് വിപണി വില ഉയര്‍ന്ന ശേഷം വെട്ട് പുനരാരംഭിക്കാമെന്ന നിലപാടിലാണ് പലരും.

ജൂലൈ ആദ്യ കിലോ 180 റേഞ്ചില്‍ നീങ്ങിയ നാലാം ഗ്രേഡിന് പിന്നീട് ഒരിക്കല്‍ പോലും ആ നിലവാരത്തിലേയ്ക്ക് തിരിച്ച്‌ വരവിന് അവസരം നല്‍കാത്ത വിധത്തിലാണ് ടയര്‍ ലോബി വിപണിയെ തകര്‍ത്തത്. ഒക്ടോബര്‍ അന്ത്യം 150 രൂപയിലെ പടികൂടി അവര്‍ തകര്‍ത്തപ്പോള്‍ ഷീറ്റ് വില 140 ല്‍ കടിച്ചുത്തൂങ്ങുമെന്ന് വിപണി കണക്ക് കൂട്ടി. എന്നാല്‍ ആ പ്രതീക്ഷകളും തകര്‍ത്ത് 136 ലേക്ക് നാലാം ഗ്രേഡ് താഴ്ന്നു.

നമ്മുടെ നിരക്കിലും പതിനഞ്ച് രൂപ വരെ താഴ്ത്തി ചരക്ക് ഇറക്കാന്‍ ത്രിപുര-മേഘാലയ ഭാഗങ്ങളിലെ തോട്ടങ്ങള്‍ തയാറായതും വിലത്തകര്‍ച്ചയുടെ ആക്കം വര്‍ധിപ്പിച്ചു. മേഘാലയയില്‍ ഒരു പ്രമുഖ പാലത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലം ചരക്ക് നീക്കം അവിടെ സ്തംഭിച്ചതൊടെ റബര്‍ കെട്ടികിടക്കാന്‍ ഇടയാക്കിയത് കഴിഞ്ഞ ദിവസങ്ങളില്‍ വില്പനസമ്മര്‍ദം ശക്തമാക്കി. ഇതിനിടയില്‍ കര്‍ണാടകത്തില്‍ നാലാം ഗ്രേഡ് കിലോ 134 രൂപയായും അഞ്ചാം ഗ്രേഡ് 126 രൂപയായും കുറഞ്ഞു.

spot_img

Related Articles

Latest news