ശബരിമല: 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപനം കുറിച്ച് ശബരിമലയില്‍ 27ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും.
കലിയുഗവരദന് ചാര്‍ത്താനുള്ള തങ്കഅങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്രയെ 26ന് വൈകീട്ട് 5.30ന് ശരംകുത്തിയില്‍നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
ഇതിനായി ദേവസ്വം ബോര്‍ഡ് നിയോഗിച്ച പ്രതിനിധികള്‍ അഞ്ചിന് ക്ഷേത്രനട തുറന്ന ശേഷം 5.15ഓടെ അയ്യപ്പസന്നിധിയില്‍നിന്ന് തന്ത്രി പൂജിച്ച് നല്കുന്ന പ്രത്യേക ഹാരങ്ങള്‍ അണിഞ്ഞ് ശരണം വിളിയുമായി ശരംകുത്തിയില്‍ എത്തിച്ചേരും.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്, ദേവസ്വം കമീഷണര്‍ ബി.എസ്. പ്രകാശ്, ശബരിമല സ്പെഷല്‍ കമീഷണര്‍ മനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് കൊടിമരത്തിന് മുന്നില്‍നിന്ന് തങ്ക അങ്കി പേടകത്തെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും.ശേഷം 6.35ന് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്യും. 27ന് പുലര്‍ച്ച മൂന്നിന് നട തുറക്കും. ജനുവരി 14ന് നടക്കുന്ന മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകീട്ട് അഞ്ചിന് നട തുറക്കും.