മനാമ: ‘നവലോക നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തില്‍ ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിത വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനം ഡിസംബര്‍ 30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മുഹറഖ് അല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റും ട്വീറ്റിന്റെ (വിമന്‍ എജുക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്‍റ് ട്രസ്റ്റ്) ചെയര്‍പേഴ്‌സനുമായ എ. റഹ്മത്തുന്നിസ ടീച്ചര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള ക്രിയാത്മകമായ ചര്‍ച്ചക്ക് ബഹ്‌റൈന്‍ പ്രവാസഭൂമികയില്‍ തുടക്കമിടുക എന്നതാണ് സമ്മേളനം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീയുടെ മഹത്വവും പദവിയും അറിഞ്ഞുവളരുന്ന തലമുറയാണ് ഇന്നിന്റെ ആവശ്യം. ലോകത്തിന്റെ വളര്‍ച്ചയില്‍ പുരുഷന്മാരെ പോലെതന്നെ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നവരാണ് സ്ത്രീകളും. സാമൂഹിക-നാഗരിക മേഖലയുടെ എല്ലാ തലത്തിലും അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ ശ്രദ്ധേയമാണ്. കമ്ബോളത്തില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യങ്ങളിലെ അഭിനേതാവ് മാത്രമായി ചുരുക്കപ്പെടാനുള്ളവളല്ല സ്ത്രീ. ആത്മാഭിമാനത്തോടെയും അഹംബോധത്തോടെയും സമൂഹത്തെ മുന്നില്‍നിന്ന് നയിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കേണ്ടതുണ്ട്.
എന്നാല്‍, പലയിടങ്ങളിലും സ്ത്രീ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജോലിയിടങ്ങളിലും വീട്ടകങ്ങളിലും പൊതുയിടങ്ങളിലും അവള്‍ നിരന്തരം അവഹേളനത്തിനും അവഗണനക്കും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെ മറികടക്കാന്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും നിതാന്തമായ കരുതലുണ്ടാവണം. അതോടൊപ്പം സമൂഹത്തില്‍ മൂല്യങ്ങളും നന്മകളും പ്രസരിപ്പിക്കുന്നവരാണ് തങ്ങളെന്ന ബോധം സ്ത്രീകള്‍ക്കുണ്ടാകണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ജനറല്‍ സെക്രട്ടറി ഷൈമില നൗഫല്‍, സെക്രട്ടറി നദീറ ഷാജി, സമ്മേളന ജനറല്‍ കണ്‍വീനര്‍ സൗദ പേരാമ്ബ്ര, കണ്‍വീനര്‍ സലീന ജമാല്‍, പ്രചാരണ വകുപ്പ് കണ്‍വീനര്‍ റഷീദ സുബൈര്‍, ഏരിയ പ്രസിഡന്റുമാരായ സമീറ നൗഷാദ്, ഷെബി ഫൈസല്‍, ഫാത്തിമ സ്വാലിഹ് തുടങ്ങിയവര്‍ പങ്കെടുത്തു.