തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയില്‍ ലഹരി ഉപയോഗം തടയുന്നതിനായി, ഡിജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി പോലീസ്.
പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന എല്ലാ ആളുകളുടെയും വിശദാംശങ്ങള്‍ മുന്‍കൂട്ടി നല്‍കണം. രാത്രി 12.30 ഓടെ ആഘോഷങ്ങള്‍ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കും.
ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവര്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണം. പങ്കെടുക്കുന്നവരുടെ പേരുകള്‍ കൈമാറണം. ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക് പുറമെ പുറത്തുനിന്ന് ആളുകള്‍ ഉണ്ടെങ്കില്‍ പ്രത്യേകം അറിയിക്കണം. പാര്‍ട്ടി ഹാളിന്‍റെ എന്‍ട്രി, എക്സിറ്റ് പോയിന്‍റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും ആവശ്യമെങ്കില്‍ ദൃശ്യങ്ങള്‍ പൊലീസിനു കൈമാറുകയും വേണം.
ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നോട്ടീസ് നല്‍കും. നിയമ ലംഘനമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കും. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. പാര്‍ട്ടികള്‍ക്ക് സ്ഥിരമായി ലഹരി വിതരണം ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.