ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍.ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍ ട്രെന്‍ഡുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
മുന്‍പ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം സംഭവിച്ച് 30-35 ദിവസം കഴിഞ്ഞ് ഇന്ത്യയില്‍ തരംഗം സംഭവിക്കുന്നതാണ് കണ്ടുവന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ ജനുവരി പകുതിയോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അത്തരത്തില്‍ തരംഗം ഉണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. മരണവും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെയും എണ്ണം വളരെ കുറവായിരിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയ യാത്രക്കാരില്‍ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഒമൈക്രോണ്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ വിദേശത്ത് നിന്ന് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 6000 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സന്ദര്‍ശിക്കും.