നോളജ് സിറ്റി: നിറഞ്ഞ ചായക്കോപ്പകൾ കയ്യിലെ ട്രേയിൽ പിടിച്ച് തിരക്കിനിടയിലൂടെ നടന്നു നീങ്ങുന്ന ടെല്ലോ മിക്ക്, അടുക്കളയിൽ നിന്നും ഡൈനിങ്ങ് ഹാളിലേക്ക് ഭക്ഷണ സാധങ്ങളുമായി എത്തുന്ന- വീട്ടിലെ കിടപ്പ് രോഗികൾക്ക് മരുന്നും ചൂടുവെള്ളവുമെല്ലാം ആരും ഓര്‍മിപ്പിക്കാതെ തന്നെ സമയത്തിന് എത്തിച്ച് നൽകി കുടിക്കാൻ ആവശ്യപ്പെടുന്ന ‘പാത്തൂട്ടി’, പാട്ടിനനുസരിച്ച് ചുവടു വെക്കുന്ന റോബർട്ട്.. ഇവരൊക്കെ ആരാണെന്ന് ചോദിക്കാൻ വരട്ടെ… മനുഷ്യരെ കുറിച്ചല്ല, അസ്സൽ റോബോട്ടുകളെ കുറിച്ചാണ് ഈ പറയുന്നത്. മർകസ് നോളജ് സിറ്റിയിൽ നടന്ന ഏകദിന ടെക്നോളജി എക്സിബിഷനാണ് കാഴ്ചക്കാർക്ക് കൗതുക വിരുന്നൊരുക്കിയത്.
മർകസ് നോളജ് സിറ്റിയിലെ ഹോഗർ ടെക്നോളജീസ് ആൻഡ് ഇന്നവേഷൻസ് എൽ എൽ പി [എച്ച് ടി ഐ] ആണ് ”ഹോഗർ ടെക്സ്പോ’23 ” എന്ന പേരിൽ പുതുവത്സര ദിനത്തിൽ നോളജ് സിറ്റിയിലെ വലൻഷിയ ഗലേറിയയിൽ എക്സിബിഷൻ സംഘടിപ്പിച്ചത്. പതിനായിരങ്ങളാണ് എക്സിബിഷൻ കാണാൻ എത്തിയത്. മലപ്പുറം കോട്ടക്കലിലെ ”പ്രൊജക്റ്റ് എക്സ്” വിദ്യാർത്ഥികൾ നിർമിച്ച ഡാൻസ് ചെയ്യുന്ന ഓട്ടോ റോബോട്ട്, കണ്ണ് കാണാത്തവർക്കായുള്ള സെൻസർ ഘടിപ്പിച്ച കണ്ണടയും ഊന്നുവടിയും, ആൽക്കഹോൾ ഡിറ്റക്ടർ, റ്റൂഡി പ്രിന്റിങ് മെഷീൻ, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകൾ തുടങ്ങിയവ എക്സിബിഷനിൽ ശ്രദ്ധേയമായി. മുഹമ്മദ് റാഫി ഓമശ്ശേരി നിർമിച്ച ജാമിഉൽ ഫുതൂഹിന്റെ മിനിയേച്ചറും കാഴ്ചക്കാർക്ക് ഹൃദ്യമായി. ഇലക്ട്രോണിക്സ്, ടെക്നോളജി, ലൈഫ് സ്റ്റൈൽ തുടങ്ങിയ ഒട്ടേറെ വിഭാഗങ്ങളിൽ നിന്നുള്ള സ്റ്റാളുകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.
രാവിലെ ആരംഭിച്ച പരിപാടികളുടെ ഉദ്‌ഘാടനം മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകിം അസ്ഹരി നിർവഹിച്ചു. വിവിധ ടെക്നോളജി സെമിനാറുകളിലും ശില്പശാലകളിലുമായി ഡോ. അനിൽ വള്ളത്തോൾ, കെ സഹദേവൻ, ഡോ.സ്മിത പി കുമാർ, ഡോ. അബ്ദുൽ ഹകിം അസ്ഹരി, ഡോ.ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി, ഡോ. വിനോദ് ഇ മാധവൻ, ഡോ. തോമസ് ജോർജ്, ഡോ.അബ്ദുസ്സലാം, അമീർ ഹസൻ, ഡോ. എ പി എ ഫയാസ്, ഡോ. വിനോദ് ഇ മാധവൻ, മുഹമ്മദ് അമീൻ, ആബിദ് ഹുദവി, ഷമീം, സലീം ഫൈസൽ, ഡോ. നിസാം റഹ്മാൻ, മൂസ നവാസ് തുടങ്ങിയവർ സംസാരിച്ചു.