മെഡിക്കല്‍ കോളജുകള്‍ റിസര്‍ച്ച്‌ കേന്ദ്രങ്ങളായിക്കൂടി മാറ്റും

മലപ്പുറം:ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതോടൊപ്പം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ചികിത്സക്കൊപ്പം റിസര്‍ച്ച്‌ കേന്ദ്രങ്ങളായിക്കൂടി പരിവര്‍ത്തിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാക്കിയ വിദ്യാര്‍ഥികളുടേയും ജീവനക്കാരുടേയും ക്വാര്‍ട്ടേഴ്സുകളും കാന്റീന്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍ദ്രം മിഷന്റെ ഭാഗമായി ഒ.പി.ഡി ട്രാസ്ഫര്‍മേഷന്‍ പദ്ധതിയുടേയും മോര്‍ച്ചറി, ഐ.സി.യു കോംപ്ലക്സുകള്‍, ഡി.ആര്‍ മെഷീന്‍ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ഐ.എം.സി.എച്ച്‌ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ എന്നീ പദ്ധതികളുടെ തറക്കല്ലിടലും ആരോഗ്യ മന്ത്രി നിര്‍വഹിച്ചു.

103 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളജില്‍ ഹോസ്റ്റലുകളും ക്വാര്‍ട്ടേഴ്സുകളും ഒരുക്കുന്നത്. ഇതില്‍ 10.16 കോടി രൂപ ചെലവില്‍ 10 നിലകളിലായി അനധ്യാപകര്‍ക്ക് നിര്‍മിച്ച ക്വാര്‍ട്ടേഴ്സും 14.39 കോടി രൂപ ചെലവില്‍ അഞ്ച് നിലകളിലായി ഒരുക്കിയ ആണ്‍കുട്ടികളുടെ ഹോസ്റ്റലുമാണ് മന്ത്രി മഞ്ചേരിക്ക് സമര്‍പ്പിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള അധ്യാപക ക്വാര്‍ട്ടേഴ്സിന്റേയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റേയും നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കാന്റീന്‍ കെട്ടിടം നിര്‍മിച്ചത്. ഇതിന് പുറമെ 2.85 കോടി രൂപ ചെലവില്‍ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച ഒ.പി.ഡി ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതി, 1.8 കോടി ചെലവില്‍ നിര്‍മിക്കുന്ന ഐ.സി.യു കോപ്ലക്സ്, 50 ലക്ഷം ചെലവില്‍ നിര്‍മിക്കുന്ന റാമ്ബുകള്‍, 40 ലക്ഷം ചെലവിട്ട് നിര്‍മിക്കുന്ന മോര്‍ച്ചറി കോപ്ലക്സ്, 1.7 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഡി.ആര്‍. മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തി ഉദ്ഘാടനവും മൂന്ന് കോടി ചെലവില്‍ നിര്‍മിക്കുന്ന റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സ്, 1.1 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഇന്‍ര്‍വെന്‍ഷണല്‍ റേഡിയോളജി ബ്ലോക്ക്, 1.2 കോടി രൂപ ചെലവില്‍ മാതൃ ശിശു കേന്ദ്രത്തില്‍ നിര്‍മിക്കുന്ന ഐ.എം.സി.എച്ച്‌ സ്റ്റാന്‍ഡഡൈസേഷന്‍ എന്നീ പദ്ധതികളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ. അധ്യക്ഷനായി. മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ, വൈസ് ചെയര്‍പേഴ്സന്‍ അഡ്വ.ബീന ജോസഫ്, കൗണ്‍സിലര്‍മാരായ അഡ്വ. പ്രേമ രാജീവ്, ഷെറീന ജൗഹര്‍, എന്‍.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍, പ്രിന്‍സിപ്പല്‍ ഡോ.എം.പി ശശി, വൈസ് പ്രിന്‍സിപ്പല്‍ സിറിയക് ജോബ്, സൂപ്രണ്ട് ഡോ. കെ.വി നന്ദകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

spot_img

Related Articles

Latest news