ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ഥാടന നഗരമായ ബദ്‍രീനാഥിന്റെ കവാടമായ ജോഷിമഠ് പട്ടണത്തിലെ വിള്ളല്‍വീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളില്‍ താമസിക്കുന്ന 600ഓളം കുടുംബങ്ങളെ ഉടന്‍ ഒഴിപ്പിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ നിര്‍ദേശം.
ഭൂമിക്ക് വിള്ളല്‍വീണ പട്ടണം മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും.
ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജോഷിമഠിലെ സിംഗ്ധര്‍ വാര്‍ഡില്‍ വെള്ളിയാഴ്ച വൈകീട്ട് ക്ഷേത്രം തകര്‍ന്നുവീണത് നിവാസികളുടെ പരിഭ്രാന്തി ഇരട്ടിപ്പിച്ചു.
570 വീടുകളില്‍ ഇതുവരെ വിള്ളലുകള്‍ വീണു. 3000ത്തിലേറെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്. 50ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. മൂന്നു ദിവസം മുമ്ബ് ജലാശയം തകര്‍ന്ന മാര്‍വാറി പ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
അതിനിടെ ചാര്‍ധാം ഓള്‍ വെതര്‍ റോഡ്, എന്‍.ടി.പി.സിയുടെ തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ഏഷ്യയിലെ ഏറ്റവും വലിയ റോപ് വേയായ ഓലിയുടെ പ്രവര്‍ത്തനവും നിര്‍ത്തി.
ഒരു വര്‍ഷത്തിലേറെയായി മണ്ണിടിച്ചില്‍ തുടരുന്നുണ്ടെങ്കിലും രണ്ടാഴ്ചക്കിടെയാണ് പ്രശ്നം രൂക്ഷമായത്. നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഭീഷണിക്ക് കാരണമെന്നാണ് ആരോപണം. അതേസമയം, പുനരധിവാസം ആവശ്യപ്പെട്ട് ജോഷിമഠം തഹസില്‍ദാര്‍ ഓഫിസിനു മുന്നില്‍ വെള്ളിയാഴ്ചയും ജനങ്ങളുടെ പ്രതിഷേധം തുടര്‍ന്നു.