കൊച്ചി : വരുമാനത്തിന് നികുതി നല്‍കാത്തതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മക്ക് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്.
ചാരിറ്റബിള്‍ ഇന്സ്റ്റിറ്റിയൂഷന് എന്ന നിലയ്ക്കാണ് താരസംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ അതിന് ജിഎസ്ടി നല്കണമെന്നുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി വകുപ്പ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
2017ല്‍ ജിഎസ്ടി ആരംഭിച്ചിട്ടും 2022ലാണ് അമ്മ രജിസ്ട്രേഷന് ആരംഭിച്ചത്. അതും നോട്ടീസ് അയച്ചതിനെ തുടര്‍ന്ന്. ജിഎസ്ടി അടയ്ക്കാതെ അഞ്ചു വര്‍ഷത്തോളം ഇടപാടുകള്‍ നടത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് അധികൃതര്‍ വീണ്ടും നടപടി സ്വീകരിച്ചിരിക്കുന്നത്. നികുതിയും പലിശയും അടക്കം നാല് കോടിയോളമാണ് അമ്മയ്ക്ക് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധിക്യതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്നാണ് അമ്മ ഭാരവാഹികളുടെ പ്രതികരണം.